വടകര ജില്ല ആശുപത്രി കെട്ടിട നിർമാണം യു.എൽ.സി.സി.എസിന്
text_fieldsവടകര: പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി വടകര ജില്ല ആശുപത്രിക്ക് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ് സൊസൈറ്റിക്ക് ലഭിച്ചു. 83.9 കോടി രൂപ ചെലവിലാണ് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കുന്നത്. ആറു നിലകളിലായി പുതിയ കെട്ടിട സമുച്ചയം നിലവിൽ വരുന്നതോടെ ആശുപത്രിയുടെ മുഖച്ഛായ മാറും. പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി പഴയത് പൂർണമായും പൊളിച്ചുമാറ്റും. ആറര പതിറ്റാണ്ടോളം പഴക്കമുണ്ട് ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾക്ക്. ചുവപ്പ് നാടയിൽ കുരുങ്ങിയ കെട്ടിട നിർമാണത്തിന്റെ ഫയലുകൾ ഏറെ ഇടപെടലുകളിലൂടെ ഉന്നതങ്ങളിൽ എത്തിച്ചാണ് അനുമതി ലഭ്യമാക്കിയത്. ജില്ല ആശുപത്രിക്ക് 100.50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കായാണ് നാഷനൽ റൂറൽ ഹെൽത്ത് മിഷനിൽ പദ്ധതി സമർപ്പിച്ചത്.
13.70 കോടി രൂപ ചെലവിൽ ആശുപത്രിയിൽ നേരത്തേ പുതിയ കെട്ടിടം നിർമിച്ചിരുന്നു. കൂടാതെ 1.3 കോടി രൂപ ചെലവഴിച്ച് ധന്വന്തരി ഡയാലിസിസ് സെന്ററിനും പുതിയ കെട്ടിടം നിർമിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജന വികാസ് കാര്യക്രമിൽ ഉൾപ്പെടുത്തി ധനസഹായം ലഭ്യമാക്കുന്നതിനായി ആശുപത്രി ഭരണസമിതി അംഗം എടയത്ത് ശ്രീധരൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഇടപെടലുകൾ നടന്നത്. ഗ്രാമീണ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമാണ് വടകര ഗവ. ജില്ല ആശുപത്രി. പുതിയ കെട്ടിടം യാഥാർഥ്യമാവുന്നതോടെ വികസന രംഗത്ത് ജില്ല ആശുപത്രിയിൽ വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.