അക്രമ രാഷ്ട്രീയം, സി.എ.എ, സൈബർ ആക്രമണം; വടകര തിളക്കുന്നു
text_fieldsവടകര: അങ്കച്ചേകവരുടെ മണ്ണിൽ അങ്കം കനക്കുകയാണ്. അക്രമ രാഷ്ട്രീയം, സി.എ.എ, സൈബർ ആക്രമണം -ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ വടകരയിൽ മൂന്ന് വിഷയങ്ങളാണ് ഇടത് -വലത് മുന്നണികളുടെ പ്രധാന പ്രചാരണായുധം. ആക്രമണ രാഷ്ട്രീയം ചർച്ചയാക്കി യു.ഡി.എഫ് പ്രചാരണം മേൽ ക്കൈ നേടിയപ്പോൾ സി.എ.എ വിഷയം യു.ഡി.എഫിനെതിരെ എൽ.ഡി.എഫ് പ്രധാന പ്രചാരണായുധമാക്കി. ഒടുവിൽ ഇരുകക്ഷികളുടെയും പ്രചാരണം സൈബർ ആക്രമണവും വാദപ്രതിവാദവും കേസുകളുമായി വടകരയിൽ മുന്നേറുകയാണ്. ഇടത് -വലത് കക്ഷികൾ ഉയർത്തുന്ന പ്രചാരണ കോലാഹലങ്ങൾക്ക് വടകരയിൽ അൽപായുസ്സാവുന്ന കാഴ്ചയുമുണ്ട്. പ്രദേശിക തലത്തിൽ നിന്നും തുടങ്ങിയ സൈബർ ആക്രമണ ചർച്ച ഇരു കക്ഷികളുടെയും സംസ്ഥാന -ദേശീയ നേതാക്കൾ ഏറ്റെടുത്തതോടെ വടകരയിലെ പ്രചാരണം സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാ വിഷയമായി.
സൈബർ ആക്രമണത്തിൽ ഒരു വിഭാഗത്തിനുനേരെ നടപടിയെടുക്കുകയും സ്വന്തക്കാരെ ന്യായീകരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും വടകരയിൽ പരാജയം ഉറപ്പായപ്പോൾ മുഖ്യമന്ത്രി തന്നെ നേരിട്ട് കളത്തിലിറങ്ങി സൈബർ സേനകളെ സംരക്ഷിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിക്കുകയുണ്ടായി. പൊതുരാഷ്ട്രീയത്തിൽ ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത മോശമായ ശൈലിയാണ് കോൺഗ്രസിന്റേതെന്നും വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെയുള്ള സൈബർ ആക്രമണം കേരളത്തിലാകമാനം അലയൊലി ഉണ്ടാക്കുമെന്നുമായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വിഷയം പ്രചാരണ രംഗത്ത് കൊഴുക്കുന്നതിനിടെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അശ്ലീല വിഡിയോ പരാമർശത്തിലുള്ള മലക്കം മറിച്ചിലിൽ എൽ.ഡി.എഫ് പ്രതിരോധത്തിലാണ്. ഇതുസംബന്ധിച്ച് യു.ഡി.എഫ് ഉയർത്തുന്ന ചോദ്യങ്ങൾക്ക് എൽ.ഡി.എഫ് മറുപടി പറഞ്ഞിട്ടില്ല. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും ഒന്നിലും കഴമ്പില്ലെന്നാണ് പൊലീസ് ഭാഷ്യം. ചിലതിൽ കോടതി അനുമതിയോടെ കേസെടുക്കാനാണ് പൊലീസ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.