വടകര -മാഹി ജലപാത; ദേശീയ ജലപാത നിലവാരത്തിലേക്ക്
text_fieldsവടകര: വിനോദ സഞ്ചാര മേഖലക്ക് കുതിപ്പേകാൻ ഉൾനാടൻ ജലഗതാഗതത്തിന്റെ ഭാഗമായി നിർമിക്കുന്ന വടകര -മാഹി കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക്. 2025 അവസാനത്തോടെ വടകര -മാഹി കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി കനാലിന്റെ രണ്ടാം റീച്ചിലെ പ്രവൃത്തികൾ മുഴുവൻ പൂർത്തിയായി.
നാലാം റീച്ചിലെ പ്രവൃത്തികൾ 90 ശതമാനവും റീച്ച് അഞ്ചിലെ പ്രവൃത്തികൾ 89 ശതമാനവും പൂർത്തിയായതായി കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
റീച്ച് ഒന്നിലെ ബാക്കിയുള്ള 21.8 കോടി രൂപയുടെ പ്രവൃത്തികൾ ആരംഭിച്ചു. 3.24 കി.മീറ്റർ വരുന്ന റീച്ച് മൂന്നിലെ ഉയർന്ന കട്ടിങ് ആവശ്യമായ 800 മീറ്റർ ഭാഗത്തെ പര്യവേക്ഷണ പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ട്.
ഡിസൈൻ തയാറാക്കുന്നതിനുള്ള നടപടികൾ കേരള വാട്ടർ വെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മുഖേന സ്വീകരിച്ചുവരുകയാണ്.ജലപാതക്ക് കുറുകെ നിർമിക്കേണ്ട വെങ്ങോളി പാലം പൂർത്തിയായി. കരിങ്ങാലിമുക്ക് ലോക്ക് കം ബ്രിഡ്ജ് 70 ശതമാനവും മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് 96 ശതമാനവും പൂർത്തിയായിട്ടുണ്ട്.
14 നടപ്പാലങ്ങളിൽ 12 എണ്ണം പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കി രണ്ടു നടപ്പാലങ്ങളുടെ പ്രവൃത്തി പുരോഗമിച്ചുവരുന്നു. വരയിൽതാഴെ, കായപ്പനച്ചി ബോട്ടുജെട്ടികളുടെ പ്രവൃത്തി പൂർത്തിയായി.
കച്ചേരി ബോട്ട് ജെട്ടിയുടെ പ്രവൃത്തികൾ എഗ്രിമെന്റ് വെച്ച് സൈറ്റ് കരാറുകാരന് കൈമാറിയിട്ടുണ്ട്. 17.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കോട്ടപ്പള്ളി പാലത്തിന്റ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഇൻ ലാൻഡ് നാവിഗേഷൻ വകുപ്പിൽ തയാറാക്കിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.