വടകര നഗരസഭ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് പ്രവൃത്തി അന്തിമഘട്ടത്തിൽ
text_fieldsവടകര: നഗരസഭ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സിന്റെ പ്രവൃത്തി അന്തിമഘട്ടത്തിൽ. ഇലക്ട്രിക്കൽ പ്രവൃത്തി പൂർത്തിയാവുന്നതോടെ മുറികൾ ഏപ്രിൽ അവസാനത്തോടെ ലേലം ചെയ്യും. ഇത് സംബന്ധിച്ച് നഗരസഭ അംഗീകരിച്ച ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്.
നഗരസഭയുടെ സ്വപ്ന പദ്ധതിയാണ് നഗരസഭ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ്. കെട്ടിട നിർമാണം പൂർത്തിയായെങ്കിലും വൈദ്യുതീകരണത്തിന് സാങ്കേതികാനുമതി വൈകിയതാണ് കെട്ടിടം പൂർണ സജ്ജമാവുന്നതിന് തടസ്സമായത്. വിഷയത്തിൽ പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസ് വരെ ഇടപെട്ടിട്ടും അനുമതി ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ലേല നടപടികൾ പൂർത്തീകരിച്ച് മുറികൾ വാടകക്ക് നൽകുന്നതിനാണ് മുഖ്യ പരിഗണന നൽകുന്നത്. കോംപ്ലക്സിൽ 53 മുറികളാണുള്ളത്. നഗരസഭ ഓഫിസിന് പുറമെ അനുബന്ധ ഓഫിസുകളും ഇവിടെ പ്രവർത്തിക്കും. കൗൺസിൽ ഹാൾ ഉൾപ്പെടെയുള്ളവയുടെ ഇന്റീരിയർ ഡിസൈനിങ് പൂർത്തീകരിച്ചാൽ മാത്രമേ കെട്ടിടം പൂർണമായി പ്രവർത്തന സജ്ജമാവുകയുള്ളൂ.
2009ൽ നഗരസഭ 4.43 കോടി എസ്റ്റിമേറ്റിൽ ആവിഷ്കരിച്ച പദ്ധതിയാണ് ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ്. ഇതുപ്രകാരം പ്രവൃത്തി തുടങ്ങിയെങ്കിലും 2011ൽ നിലച്ചു. എസ്റ്റിമേറ്റ് പുതുക്കാതെ പ്രവൃത്തി തുടങ്ങില്ലെന്ന് കരാറുകാരൻ വാദിച്ചതോടെ പ്രതിസന്ധിയായി. ഏറെക്കാലം പാതിവഴിയിലായ കെട്ടിടം കാടുമൂടിക്കിടന്നു.
പിന്നീട് കരാറുകാരനെ ഒഴിവാക്കി കെട്ടിടനിർമാണം പുതുക്കിയ എസ്റ്റിമേറ്റിൽ പൂർത്തിയാക്കാൻ തീരുമാനമായി. 8.59 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി പുതിയ ടെൻഡർ വിളിച്ച് പ്രവൃത്തി പുനരാരംഭിച്ചത് 2019ലാണ്. കോവിഡ് പ്രതിസന്ധി ഉൾപ്പെടെയുള്ളവ വന്നിട്ടും ദ്രുതഗതിയിൽ നിർമാണം പൂർത്തീകരിച്ചു. ഈ ഘട്ടത്തിലാണ് ഇലക്ട്രിക്കൽ പ്രവൃത്തികൾ നീണ്ടത്.
2019 നവംബറിൽ 1.59 കോടിയുടെ എസ്റ്റിമേറ്റ് നഗരസഭ പി.ഡബ്ല്യൂ.ഡി. ഇലക്ട്രിക്കൽ വിങ്ങിൽ സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഏറെ കടമ്പകൾ താണ്ടിയാണ് ഇലക്ട്രിക് ജോലികൾക്ക് അവസാനം അനുമതി ലഭിച്ചത്. കെ.യു.ഡി.എഫ്.സിയിൽ നിന്ന് വായ്പയെടുത്താണ് കെട്ടിടം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.