കരനെൽ കൃഷിയിൽ നൂറുമേനി കൊയ്യാൻ വടകര നഗരസഭ
text_fieldsവടകര: കരനെൽ കൃഷിയിറക്കി നൂറുമേനി കൊയ്യാൻ നഗരസഭ. നെൽകൃഷിയുടെ പഴയ പെരുമ തിരിച്ചുപിടിക്കുകയാണ് നഗരസഭ ലക്ഷ്യം. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കരനെൽകൃഷി കൃഷിവകുപ്പുമായി ചേർന്നാണ് വികസിപ്പിക്കുന്നത്. കർഷക കൂട്ടായ്മയിലൂടെ കൃഷി വ്യാപിപ്പിക്കും. 20 ഏക്കർ സ്ഥലത്താണ് കഴിഞ്ഞ വർഷം കൃഷിയിറക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് കൃഷിയിറക്കിയത്.
കരനെൽ കൃഷിക്ക് യോജിച്ച വിത്തിനങ്ങൾ കിട്ടാത്തതും വർധിച്ച കൂലിയുമാണ് കർഷകരെ കൃഷിയിൽനിന്നും അകറ്റിയിരുന്നത്. വിത്തും വളവും മാർഗനിർദേശവും മികച്ച പ്രതിരോധ ശേഷിയുള്ള വിത്തിനമായ ഉമ വിത്തും കൃഷി വകുപ്പ് ലഭ്യമാക്കി. ഓരോ പ്രദേശത്തും ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപവത്കരിച്ചായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കം.
കൃഷി ഓഫിസർമാരായ നാരായണൻ, അബ്ദു റഹ്മാൻ എന്നിവരുടെ സഹകരണവും ലഭിച്ചു. മികച്ച വിത്തിനങ്ങളിലൂടെയും പരിചരണത്തിലൂടെയും 110 ദിവസത്തിനകം വിളവെടുക്കാവുമെന്നതാണ് കരനെൽകൃഷിയുടെ മേന്മ. കരനെൽ കൃഷിയുടെ ഭാഗമായി ലഭിക്കുന്ന വൈക്കോൽ, സൊസൈറ്റികളിലൂടെ ഏറ്റെടുത്ത് ക്ഷീരനഗരം പദ്ധതി കർഷകർക്ക് നൽകാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്.
പുറങ്കര പുറത്തെകൈയ്യിൽ കൊയ്ത്തുത്സവം നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. വിജയി അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ്, കൃഷി ഓഫിസർ പി. നാരായണൻ, തൊഴിലുറപ്പ് പദ്ധതി മേറ്റ് പ്രജിഷ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.