ദേശീയപാത: കോൺക്രീറ്റ് തൂണുകളിലാക്കിയാൽ വടകരയിൽ 1250 വാഹനങ്ങൾ പാർക്ക് ചെയ്യാം
text_fieldsവടകര: ദേശീയ പാത വികസനത്തിന്റെ ഭാഗമായി വടകരയിലൂടെയുള്ള നിർദിഷ്ട ആറുവരിപ്പാത കോൺക്രീറ്റ് തൂണുകളിലായാൽ 1250 വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന് എൻജിനീയർമാർ അടങ്ങുന്ന പൗരസമൂഹ കൂട്ടായ്മ. ഇതു സംബന്ധിച്ച് പൗരകൂട്ടായ്മ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് കത്തയച്ചു. 3.6 കിലോമീറ്റർ നീളത്തിൽ രണ്ടു മുതൽ ഒമ്പതു മീറ്റർ വരെ മണ്ണിട്ട് ഉയർത്തി എംബാങ്ക് മെന്റ് നിർമിക്കാനാണ് പദ്ധതി. എന്നാൽ, ആറുവരിപ്പാതക്ക് പകരം കരിമ്പനപാലം മുതൽ അടക്കാത്തെരുവരെ ഒന്നര കിലോമീറ്റർ നീളത്തിൽ കോൺക്രീറ്റ് തൂണുകളിൽ നിർമിച്ചാൽ 1250 വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റുമെന്ന് പൗരസമൂഹ കൂട്ടായ്മ നടത്തിയ പഠനം പറയുന്നത്. മണ്ണിട്ട് ഉയർത്തുമ്പോൾ 230 കോടിയുടെ 16.9 ഏക്കർ ഭൂമി നഷ്ടമാകുമെന്നും ഇതൊഴിവാക്കാൻ തൂണിൻമേൽ പാലം നിർമിച്ചാൽ സ്ഥലം പാർക്കിങ്ങിനും മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കാം. പൗരസമൂഹ കൂട്ടായ്മ നേരത്തെ നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു മുഖേന ഉപരിതല ഗതാഗത മന്ത്രിക്ക് നൽകിയ വിശദമായ റിപ്പോർട്ടിലും ഇത് പരാമർശിച്ചിട്ടുണ്ട്.
നഗരസഭയിലൂടെ പോകുന്ന ആറ് കിലോമീറ്റർ റോഡ് മണ്ണിട്ട് ഉയർത്തി നിർമിക്കാൻ 8,25,000 ക്യൂബിക് മീറ്റർ മണ്ണ് ആവശ്യമാണ്. ഇതിനായി വലിയ കുന്നുകൾ ഇടിച്ചു നിരത്തേണ്ടിവരും. ദേശീയപാതയുടെ ഇരുഭാഗങ്ങളിലും 35 സർവിസ് റോഡുകളാണുള്ളത്. വടകരയിലെ 74 ശതമാനം വാഹനങ്ങളും പ്രധാനമായും ഈ പാതകളാണ് ഉപയോഗിക്കുന്നത്.
ബാക്കി വാഹനങ്ങൾ മാത്രമേ ദേശീയപാത ഉപയോഗിക്കുന്നുള്ളൂ എന്നും പൗരസമൂഹ കൂട്ടായ്മ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. മണ്ണിട്ട് ഉയർത്തി ആറു വരിപ്പാത ഉണ്ടാക്കിയാൽ വടകരയിൽ വലിയ വാഹന കുരുക്കളും പ്രതിസന്ധിയും സൃഷ്ടിക്കും. വടകര നഗരത്തെ രണ്ടായി മുറിക്കുന്ന പാത നിർമാണത്തിനെതിരെ ഗോവയിലെ എൻജിനീയറായ പി.കെ. ബാലകൃഷ്ണൻ, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എ .ചന്ദ്രശേഖരൻ, റിട്ട. പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എൻജിനീയർ കെ.കെ വിജയൻ, പൗരസമൂഹ കൂട്ടായ്മ കൺവീനറും എൻജിനീയറും മുൻ സ്റ്റഡ് ഡയറക്ടറുമായ മണലിൽ മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് 50 അംഗ കൂട്ടായ്മക്ക് വേണ്ടി വീണ്ടും നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.