വടകര റെയിൽവേ സ്റ്റേഷൻ അണിഞ്ഞൊരുങ്ങുന്നു
text_fieldsവടകര: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ അണിഞ്ഞൊരുങ്ങുന്നു. റെയിൽവേ സ്റ്റേഷന്റെ മുൻഭാഗം പൊളിച്ചുമാറ്റി കേരളീയ ശൈലിയിലാണ് പുനർനിർമിക്കുന്നത്. ഇതിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 21.66 കോടി രൂപയുടെ വികസനമാണ് വടകര റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്നത്.
യാത്രക്കാർക്കുള്ള കാത്തിരിപ്പുമുറികൾ, ശൗചാലയം, യാത്രക്കാർക്കുള്ള റിസര്വേഷന് സംവിധാനം തുടങ്ങിയവയുടെ പ്രവൃത്തി നടന്നുവരുകയാണ്. പ്ലാറ്റ്ഫോം ഉയർത്തുന്ന പ്രവൃത്തി പൂർത്തിയായതിനാൽ യാത്രക്കാർക്ക് ട്രെയിനിൽ കയറാനും ഇറങ്ങാനുമുള്ള സൗകര്യമായിട്ടുണ്ട്. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് ഏറെ പ്രയാസങ്ങൾക്കിടയാക്കിയിരുന്നു.
റെയിൽവേ സ്റ്റേഷനിൽ പുതുതായി പതിനായിരം ചതുരശ്രമീറ്ററിൽ പാർക്കിങ് സ്ഥലമാണ് ഒരുങ്ങുന്നത്. രണ്ട് തട്ടുകളിലായാണ് ഇത് പൂർത്തീകരിക്കുന്നത്. സ്റ്റേഷനിലെത്തുന്ന മുഴുവൻ വാഹനങ്ങളും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് നിർമാണം നടക്കുന്നത്.
അതേസമയം, വികസന പ്രവർത്തനങ്ങൾക്കൊപ്പം റെയിൽവേ സ്റ്റേഷനിൽ ദുരിതവും വർധിച്ചിട്ടുണ്ട്. മഴ ചാറിയാൽ സ്റ്റേഷനിലെ ഇരിപ്പിടങ്ങളിൽ ഇരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പല ഭാഗങ്ങളിലും ചോർച്ചയും രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.