മുഖംമാറുന്ന വികസനത്തിന് വടകര റെയിൽവേ സ്റ്റേഷൻ
text_fieldsവടകര: അമൃത് ഭാരത് പദ്ധതിപ്രകാരം നവീകരിക്കുന്ന വടകര റെയിൽവേ സ്റ്റേഷനിൽ പാസഞ്ചേഴ്സ് എമിനിറ്റി കമ്മിറ്റി പരിശോധന നടത്തി. സംസ്ഥാനത്തെ 26 സ്റ്റേഷനുകളിൽ നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് വടകരയിലും പരിശോധന നടത്തിയത്.
പാസഞ്ചേഴ്സ് എമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ബോർഡ് അംഗങ്ങളും റെയിൽവേ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. വടകരയിൽ രണ്ടു ഘട്ടങ്ങളിലായി 22 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് പരിശോധനക്ക് ശേഷം ചെയർമാൻ പറഞ്ഞു.
രണ്ടാം നമ്പർ പ്ലാറ്റ് ഫോമിൽ മേൽക്കൂരയില്ലാത്ത സ്ഥലങ്ങളിൽ മേൽക്കൂര, ആവശ്യമായ ഇരിപ്പിടങ്ങൾ, ഫാനുകൾ, ടിക്കറ്റ് കൗണ്ടറിനു സമീപം ഇരിപ്പിടം എന്നിവ സ്ഥാപിക്കാനും തീരുമാനമായി. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി വിമാനത്താവള മാതൃകയിൽ ശുചിമുറികൾ രണ്ടു പ്ലാറ്റ്ഫോമിലും സ്ഥാപിക്കുകയും സ്റ്റേഷൻ ഭിന്നശേഷി സൗഹൃദമാക്കുകയും മാറ്റുകയും ചെയ്യും.
രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ തറ പൂർണമായും ടൈൽസ് പാകും. രണ്ടാംഘട്ട വികസനപ്രവർത്തനത്തിൽ രണ്ടു ലിഫ്റ്റുകളും ഒരു എസ്കലേറ്ററും ട്രെയിനുകളുടെ സമയം കാണിക്കുന്ന ഡിജിറ്റൽ സംവിധാനമായ ഇൻഡിഗ്രെറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും സ്ഥാപിക്കും.
റെയിൽവേ പാർക്കിങ്ങുമായി ബന്ധപ്പെട്ട് നാലുചക്ര വാഹനങ്ങൾക്ക് സ്റ്റേഷന്റെ തെക്ക് ഭാഗത്തും ഇരുചക്രവാഹനങ്ങൾക്ക് വടക്ക് ഭാഗത്തുമായി പാർക്കിങ് ക്രമീകരിക്കും. വാഹനങ്ങൾ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേകം വഴി ക്രമീകരിക്കും. സ്റ്റേഷന്റെ മുൻഭാഗത്തെ റോഡ് വീതികൂട്ടാൻ റെയിൽവേയുടെ സ്ഥലം ഉപയോഗപ്പെടുത്തും. കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി രണ്ട് പ്ലാറ്റ്ഫോമുകളിലും ആവശ്യമായ ടാപ്പുകൾ സ്ഥാപിക്കും.
ഗതിശക്തി പദ്ധതിയുടെ ഭാഗമായി റെയിൽവേ കുളം കുടിവെള്ള സ്രോതസ്സിനും കുളം സൗന്ദര്യവത്കരണത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
കമ്മിറ്റി അംഗങ്ങളായ മധുസൂദനൻ, സുനിൽറാം, ഉമാറാണി, നിർമല കിഷോർ, രവിചന്ദ്രൻ, രാംകുമാർ, അജയ് യാദവ്, ഗതിശക്തി ഡയറക്ടർ എ.വി. ശ്രീകുമാർ, ഉദ്യോഗസ്ഥരായ റെയിൽവേ എ.ഡി.ഇ ബർജാസ് മുഹമ്മദ്, അസി. കമേഴ്സ്യൽ മാനേജർ അനിത ജോസ്, ഡി.സി.എം അരുൺ തോമസ്, കമേഴ്സ്യൽ സൂപ്പർവൈസർ വെങ്കടേഷ് അയ്യർ, ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ മണികണ്ഠൻ, റിട്ട. സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ എന്നിവർ സംബന്ധിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.