വടകര റെയിൽവേ സ്റ്റേഷൻ വികസന പ്രവൃത്തിക്ക് തുടക്കം
text_fieldsവടകര: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുൾപ്പെടുത്തി വികസിപ്പിക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. സംസ്ഥാനത്തെ 30 റെയിൽവേ സ്റ്റേഷനുകൾക്കൊപ്പമാണ് വടകര റെയിൽവേ സ്റ്റേഷനും വികസിപ്പിക്കുന്നത്.
സംസ്ഥാനത്ത് അഞ്ചു റെയിൽവേ സ്റ്റേഷനുകളിലെ പരിപാടികൾക്കൊപ്പമാണ് വടകരയിലും ഉദ്ഘാടനച്ചടങ്ങ് നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചടങ്ങുകൾ വലിയ സ്ക്രീനിൽ തത്സമയം കാണാൻ സൗകര്യമൊരുക്കിയിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടന്നു. വടകര റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെ. മുരളീധരൻ എം.പി മുഖ്യപ്രഭാഷണം നടത്തി ശിലാഫലകം അനാച്ഛാദനം ചെയ്തു.
റെയിൽവേ സ്റ്റേഷൻ കെട്ടിട നവീകരണമുൾപ്പെടെ 22 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് വടകര റെയിൽവേ സ്റ്റേഷനിൽ പുതുതായി നടപ്പാക്കുക. വടകരക്ക് പുറമെ മാഹി, തലശ്ശേരി സ്റ്റേഷനുകളും വികസിപ്പിക്കും. തലശ്ശേരിയിൽ 20 കോടിയും മാഹിയിൽ 17 കോടിയുമാണ് വികസനത്തിന് അനുവദിച്ചത്.
കെ.കെ. രമ എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൻ കെ.പി. ബിന്ദു, കൗൺസിലർ പ്രേമകുമാരി, സി. മുരളീധരൻ എന്നിവർ സംസാരിച്ചു. മുൻ എം.എൽ.എ സി.കെ. നാണു, മീനാക്ഷി ഗുരുക്കൾ, റിട്ട. സ്റ്റേഷൻ മാസ്റ്റർ വത്സലൻ കുനിയിൽ, ബാലകൃഷ്ണൻ കാനപ്പള്ളി, പി.പി. വ്യാസൻ, പി. സജീവൻ, പുറന്തോടത്ത് സുകുമാരൻ, മണലിൽ മോഹനൻ, പി.പി. രാജൻ എന്നിവർ സംബന്ധിച്ചു. പി. സുനിൽ സ്വാഗതവും ബർജാസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.