എറ്റവുമധികം മഴ വടകരയിൽ; സംസ്ഥാനത്ത് മുന്നിൽ
text_fieldsകോഴിക്കോട്: ന്യൂനമർദത്തിനും ചുഴലിക്കാറ്റിനും പിന്നാലെ ജില്ലയിൽ പെയ്തത് റെക്കോഡ് വേനൽ മഴ. മൂന്നു ദിവസമായി തകർപ്പൻ മഴയാണ് കിട്ടിയത്. ഞായറാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ വടകരയിലാണ് തിമിർത്ത് പെയ്തത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴയുടെ അളവും വടകരയിലാണ്. 23.3 സെൻറീമീറ്റർ മഴയാണ് വടകര താലൂക്കിൽ ലഭിച്ചത്. വേനൽക്കാലത്ത് ഇത്രയും ശക്തമായ മഴ അപൂർവമാണ്.
കോഴിക്കോട് നഗരത്തിലും പരിസരത്തും 7.6 സെൻറീമീറ്റർ മഴ മാത്രമാണുണ്ടായിരുന്നത്. കൊയിലാണ്ടിയിൽ 15.6 സെൻറീമീറ്റർ പെയ്തു. കക്കയം ഡാം പ്രദേശത്ത് ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 21 സെൻറിമീറ്ററാണ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച രാവിലെ മുതൽ ശനിയാഴ്ച രാവിലെ വരെ കോഴിക്കോട് 12.1, കൊയിലാണ്ടി 11.4, വടകര 9.1 എന്നിങ്ങനെയായിരുന്നു മഴയുടെ അളവ്.
വേനൽ മഴ ആവശ്യത്തിലധികമാണ് കോഴിക്കോട് ജില്ലയിൽ പെയ്തത്. മാർച്ച് ഒന്ന് മുതൽ മേയ് 16 വരെ 43.4 സെൻറീമീറ്റർ മഴയുണ്ടായിരുന്നു.
19.9 സെൻറീമീറ്ററാണ് വേണ്ടിയിരുന്നത്. 122 ശതമാനം അധിക മഴയാണ് കിട്ടിയത്. ഇതിൽ ഭൂരിഭാഗവും മേയ് 14, 15, 16 തീയതികളിലാണ്. മാർച്ച് ഒന്നു മുതൽ മേയ് 12 വരെ ആവശ്യത്തിനുള്ളതിലും 18 ശതമാനം കുറവായിരുന്നു.
13.4 സെൻറീമീറ്റർ മാത്രമാണുണ്ടായിരുന്നത്. മലയോര മേഖലകളിൽ കൃത്യമായ ഇടവേളകളിൽ വേനൽമഴ ലഭിച്ചിരുന്നു. ഇത്തവണ കുടിവെള്ള ക്ഷാമം പരിഹരിക്കാനും വേനൽമഴ സഹായമായി. അതേസമയം, കടൽക്ഷോഭത്തിനൊപ്പമുള്ള മഴ തീരദേശ വാസികൾക്ക് തീരാദുരിതവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.