വടകര റവന്യൂ ടവർ ശിലാസ്ഥാപനത്തിലൊതുങ്ങി; താലൂക്ക് ഓഫിസ് പരാധീനതകളിൽ വീർപ്പുമുട്ടുന്നു
text_fieldsവടകര: സർക്കാർ സംവിധാനങ്ങൾ ഒരു കുടക്കീഴിലേക്ക് മാറ്റാൻ വടകരയിൽ നിർമിക്കുന്ന റവന്യൂ ടവർ നിർമാണം ശിലാഫലകത്തിലൊതുങ്ങി. റവന്യൂ ടവറിന്റെ ശിലാസ്ഥാപനം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടിട്ടും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. റവന്യൂ ടവർ നിർമാണം വൈകുന്നത് താലൂക്ക് ഓഫിസിന്റെ പ്രവർത്തനത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. തീവെച്ച് നശിപ്പിച്ച താലൂക്ക് ഓഫിസ് നിലവിൽ വാടക കെട്ടിടത്തിൽ വീർപ്പുമുട്ടുകയാണ്. താൽക്കാലികമായി സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റണമെന്ന ആവശ്യം അവഗണിക്കപ്പെട്ട് കിടക്കുകയാണ്.
സ്വകാര്യ കെട്ടിടത്തിന്റെ മുകൾനിലയിൽ പ്രവർത്തിക്കുന്ന ഓഫിസിൽ എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ ജീവനക്കാർ ദുരിതത്തിലാണ്. റവന്യൂ ടവർ നിർമാണത്തിന്റെ ഭാഗമായി സബ്ട്രഷറി പൊളിച്ച് മാറ്റി എടോടിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ്. രണ്ട് ഓഫിസുകൾക്കും വാടകയിനത്തിൽ മാസം തോറും വൻതുക ചെലവാകുന്നുണ്ട്. താലൂക്ക് ഓഫിസ് പരിസരത്ത് 63 സെന്റ് സ്ഥലത്ത് കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 20 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. നാലു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ 11 സർക്കാർ ഓഫിസുകൾ സജ്ജമാക്കാനാണ് പദ്ധതി. സംസ്ഥാന ഭവന നിർമാണ ബോർഡിനാണ് നിർമാണച്ചുമതല.
സബ് രജിസ്ട്രാർ ഓഫിസ്, സബ് ട്രഷറി, ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസ്, നടക്കുതാഴ വില്ലേജ് ഓഫിസ്, ചൈൽഡ് ഡെവലപ്മെന്റ് ഓഫിസ്, റവന്യു റിക്കവറി, ലീഗൽ മെട്രോളജി, സ്പെഷൽ തഹസിൽദാർ(ലാൻഡ് അക്വിസിഷൻ), റീസർവേ തുടങ്ങിയ പ്രധാന ഓഫിസുകളാണ് റവന്യു ടവറിലേക്ക് മാറ്റാൻ പദ്ധതിയുള്ളത്. പല ഓഫിസുകളും അടിസ്ഥാന സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുകയാണ്. റവന്യൂ ടവർ നിർമാണം ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.