വടകര സാൻഡ് ബാങ്ക്സിന് ഹരിത ടൂറിസം കേന്ദ്രം പദവി
text_fieldsവടകര: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളോടനുബന്ധിച്ച് ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി ഡി.ടി.പി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര സാൻഡ് ബാങ്ക്സിന് ഹരിത ടൂറിസം കേന്ദ്രം പദവി. വടകര നഗരസഭ, ഹരിത കേരളം മിഷൻ, ഡി.ടി.പി.സി കോഴിക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സാൻഡ് ബാങ്ക്സിൽ ഹരിത ടൂറിസം പ്രവർത്തനങ്ങൾ നടപ്പാക്കിയത്.
ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും ഹരിതവത്കരണ പ്രവർത്തനങ്ങളും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപം തടയുന്നതിനുള്ള ഹരിത ചെക്ക് പോസ്റ്റ്, ഹരിത വീഥിയൊരുക്കൽ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ശലഭോദ്യാനം എന്നിവ തുടർ പദ്ധതിയായി നടത്തും. നിലവിലുള്ള അജൈവ മാലിന്യം ബിന്നുകൾക്കും ഹരിത നിർദേശക ബോർഡുകൾക്കും പുറമെ ആവശ്യമായ ബിന്നുകളും ബോർഡുകളും സ്ഥാപിക്കാനുള്ള പദ്ധതി ഉടൻ പൂർത്തീകരിക്കും. സാൻഡ് ബാങ്ക്സിനെ ജില്ലയിലെ മാതൃക ബീച്ച് ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് ഉദ്ദേശ്യം. സാൻഡ് ബാങ്ക്സിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഹരിത ടൂറിസം പ്രഖ്യാപനം ഡി.ടി.പി.സി ഡെസ്റ്റിനേഷൻ മാനേജർ കെ.കെ. അശ്വിന് ഹരിത ടൂറിസം സർട്ടിഫിക്കറ്റ് കൈമാറി നിർവഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ പി.കെ. സതീശൻ അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാജിത പതേരി, എം. ബിജു, സിന്ധു പ്രേമൻ, വാർഡ് കൗൺസിലർ പി.വി. ഹാഷിം, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൻ പി. ഷംന എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.പി. പ്രജിത സ്വാഗതം പറഞ്ഞു. ക്ലീൻ സിറ്റി മാനേജർ കെ.പി. രമേശൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.