വടകര താലൂക്ക് ഓഫിസ് തിങ്കളാഴ്ച മുതൽ പൂർണമായി പ്രവർത്തിക്കും
text_fieldsവടകര: കത്തിനശിച്ച വടകര താലൂക്ക് ഓഫീസിെൻറ പ്രവർത്തനം തിങ്കളാഴ്ച മുതൽ പൂർണമായും നടപ്പാവും. സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ ഓഫിസിൽ ഒരുക്കം തകൃതിയായി നടക്കുകയാണ്. കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയെങ്കിലും പൂർണ തോതിൽ എത്തിയിരുന്നില്ല. സൈക്ലോൺ കെട്ടിടം താൽക്കാലികമായി ലഭിക്കാൻ കടമ്പകൾ ഏറെയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേതടക്കമുള്ള അനുമതി സർക്കാർ തലത്തിൽനിന്നും ലഭിച്ചാലേ കെട്ടിടം ലഭിക്കൂ. നഗരസഭ നേരത്തേതന്നെ കെട്ടിടം താലൂക്ക് ഓഫിസിന് നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സ്വകാര്യ കെട്ടിടത്തിൽ ഓഫിസ് പ്രവർത്തനം ത്വരിതപ്പെടുത്തുകയുണ്ടായി.
141 പേരാണ് ഇതുവരെയായി വിവിധ ആവശ്യങ്ങൾക്ക് ഓഫിസിലെത്തിയത്. 129 പേരുടെ അപേക്ഷകളും നേരത്തേ ഇ -ഫയലുകളാക്കി മാറ്റിയതാണ്. 12 പേരുടേത് മുമ്പുള്ള അപേക്ഷകളാണ് ഇതും ലഭിക്കാൻ ബുദ്ധിമുട്ടില്ലെന്ന് താഹസിൽദാർ ആഷിഖ് തൊടോൻ പറഞ്ഞു. ഇലക്ഷൻ വിഭാഗത്തോട് ചേർന്ന് ഹെൽപ് െഡസ്കിെൻറ പ്രവർത്തനം തുടരുന്നുണ്ട്. താലൂക്ക് ഓഫിസിൽനിന്നും വ്യാഴാഴ്ചയും പുരാവസ്തുക്കൾ ലഭിച്ചു.
1895 ൽ ഫയലുകൾ കെട്ടിവെക്കാൻ ഉപയോഗിച്ച പലക, തോക്കിെൻറ ഭാഗം, പേനയില്ലാതെ കുത്തി എഴുതാൻ ഉപയോഗിക്കുന്ന മഷി കേട് കൂടാതെ ലഭിച്ചു. കൂടാതെ, അഗ്നിശമന സാമഗ്രികൾ വിവിധതരം വിളക്കുകൾ, ക്ലോക്ക്, അളക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരം സാധനങ്ങൾ, ഫയലുകൾ എടുക്കാൻ ഉപയോഗിക്കുന്ന കോണി തുടങ്ങിയ കണ്ടെത്തിയവയിൽ ഉൾപ്പെടും.
തീവെപ്പ് കേസ്: പ്രതിയെ ഹാജരാക്കാൻ പൊലീസ് നൽകിയ അപേക്ഷ കോടതി തള്ളി
വടകര: താലൂക്ക് ഓഫിസ് തീവെച്ച് നശിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ വിട്ടുകിട്ടാൻ പ്രൊഡക്ഷൻ വാറന്റിന് പൊലീസ് നൽകിയ അപേക്ഷ കോടതി തള്ളി. കേസിലെ പ്രതി തെലങ്കാന സ്വദേശി സജീഷ് നാരായണനെ വടകര സബ് ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കോടതി ഉത്തരവുപ്രകാരം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
വ്യാഴാഴ്ച പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് വിട്ടുനൽകാൻ അന്വേഷണ സംഘം പ്രൊഡകഷൻ വാറന്റ് പുറപ്പെടുവിക്കാനായാണ് കോടതിയെ സമീപിച്ചത്. പൊലീസിെൻറ അപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജെ. ശ്രീജയാണ് തള്ളിയത്.
കോടതി അപേക്ഷ തള്ളിയത് നേരേത്ത കസ്റ്റഡി അപേക്ഷ നൽകാതിരുന്ന അന്വേഷണ സംഘത്തിന് തിരിച്ചടിയായി. പ്രൊഡക്ഷൻ വാറന്റ് വഴി കോടതിയിൽ പ്രതിയെ ഹാജരാക്കിയാൽ കസ്റ്റഡി അപേക്ഷ നൽകാമെന്ന അന്വേഷണ സംഘത്തിെൻറ വിലയിരുത്തലിന് അപേക്ഷ തള്ളിയതോടെ തിരിച്ചടിയായിരിക്കുകയാണ്. കോടതി നടപടി പൊലീസിന് എതിരായതോടെ അന്വേഷണ സംഘത്തിനെതിരെ വിവിധ കോണുകളിൽനിന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്. തീവെപ്പുകേസ് പൊലീസ് നിസ്സാരമായി കണ്ടതാണ് ഈ യൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ലഭിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. തെലങ്കാന സ്വദേശിയായ പ്രതിയുടെ സ്വദേശത്തെ വിവരങ്ങൾ അടക്കം ലഭ്യമാക്കി അന്വേഷണം തെലങ്കാനയിലേക്ക് വ്യാപിപ്പിക്കാനുള്ള പൊലീസ് നീക്കമാണ് പൊളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.