വടകര താലൂക്ക് ഓഫിസ് തീവെപ്പ്; പൊലീസ് വീഴ്ചയെന്ന് വിമർശനം
text_fieldsവടകര: താലൂക്ക് ഓഫിസ് കത്തിനശിച്ച സംഭവം പൊലീസ് വീഴ്ചയിലേക്ക് വിരൽ ചൂണ്ടുന്നു. മൂന്നു കെട്ടിടങ്ങളിലുണ്ടായ തീവെപ്പ് കേസിൽ ആന്ധ്രപ്രദേശ് സ്വദേശി സതീഷ് നാരായണൻ അറസ്റ്റിലായതോടെ നേരത്തെയുണ്ടായ തീവെപ്പ് ഗൗരവത്തിലെടുക്കാത്ത പൊലീസ് നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
ലാൻഡ് അക്വിസിഷൻ ഓഫിസിനും ജില്ല വിദ്യാഭ്യാസ ഓഫിസിലും എൽ.ഐ.സി ഓഫിസ് കെട്ടിടത്തിലും തീവെപ്പ് നടന്നപ്പോൾ മേഖലയിൽ ചുറ്റിക്കറങ്ങുന്ന ആളെപ്പറ്റി പൊലീസിെൻറ ശ്രദ്ധയിൽപെടുത്തിയെങ്കിലും വേണ്ട രീതിയിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നില്ല.
താലൂക്ക് ഓഫിസ് കത്തിനശിച്ചതോടെ ഉണർന്ന പൊലീസ് 24 മണിക്കൂറിനിടെ പ്രതിയെ പിടികൂടി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. താലൂക്ക് ഓഫിസ് കത്തിച്ചതിലും പ്രതിക്ക് പങ്കുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്.
ശാസ്ത്രീയ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഇതു സംബന്ധിച്ച സൂചനയാണ് ജില്ല പൊലീസ് മേധാവി ഡോ. ശ്രീനിവാസിെൻറ വാക്കുകളിലും പ്രകടമാകുന്നത്. നേരത്തെ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന വിമർശനമാണ് പൊലീസിനെതിരെ ഉയരുന്നത്. പ്രതി പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാൽ മനഃശാസ്ത്ര പരിശോധനക്ക് വിധേയമാക്കണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, തീവെപ്പിന് സർക്കാർ ഓഫിസുകൾ ഇയാൾ തെരഞ്ഞെടുത്തത് ദുരൂഹത ഉയർത്തുന്നുണ്ട്. കണ്ണൂരിലും വില്യാപ്പള്ളിയിലും ഇയാൾക്ക് ബന്ധുക്കളുണ്ട്. വില്യാപ്പള്ളിയിലുള്ള ആളെ പൊലീസ് വിളിപ്പിച്ചെങ്കിലും വർഷങ്ങളായി ഇയാളുമായി ബന്ധം പുലർത്തുന്നില്ലെന്നാണ് പൊലീസിന് മൊഴി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.