വടകര താലൂക്ക് ഓഫീസ് തീപിടിത്തം; ബാക്കി ഫയലുകൾ ഉണക്കിയും വേർതിരിച്ചും ജീവനക്കാർ
text_fieldsവടകര: താലൂക്ക് ഓഫിസ് കത്തിനശിച്ച സംഭവത്തിൽ നടുക്കം വിട്ടുമാറിയില്ലെങ്കിലും ബാക്കിയായ ഫയലുകൾ ഉണക്കിയും വേർതിരിച്ചും ജീവനക്കാർ. അരലക്ഷത്തോളം ഫയലുകളാണ് കത്തിനശിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഓഫിസിൽ തീപിടിച്ചത്. മണിക്കൂറുകൾക്കകം ഓഫിസ് പൂർണമായും കത്തിനശിച്ചു. താലൂക്ക് ഓഫിസിലെയും 28 വില്ലേജ് ഓഫിസുകളിലെയും വിവിധ ഫയലുകളാണ് കത്തിനശിച്ചത്.
തീപിടിത്ത വിവരമറിഞ്ഞ് നൂറുകണക്കിന് പേർ ശനിയാഴ്ചയും താലൂക്ക് ഓഫിസ് സന്ദർശിക്കാനെത്തി. ഓഫിസിനു ചുറ്റും കയർ കെട്ടി അധികൃതർ അകത്തേക്കുള്ള സന്ദർശനം തടഞ്ഞു.
ഫയലുകളും മറ്റു വസ്തുക്കളും താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ നേതൃത്വത്തിൽ തരംതിരിച്ചെടുക്കുന്ന പ്രവൃത്തിയാണ് ശനിയാഴ്ച കാര്യമായി നടന്നത്. വെള്ളത്തിൽ കുതിർന്ന ഭാഗികമായി കത്തിയതും അല്ലാത്തതുമായ ഫയലുകൾ ഷീറ്റ് വിരിച്ച് ഉണക്കാനിട്ടു. 2019 മുതലുള്ളത് ഇ-ഫയലുകൾ ആയതിനാൽ ആശ്വാസമുണ്ട്.
താലൂക്ക് ഓഫിസ് താൽക്കാലികമായി മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. ട്രഷറി പ്രവർത്തിക്കുന്ന ബി.എസ്.എൻ.എൽ ഓഫിസിനടുത്ത് കൂടുതൽ സൗകര്യപ്രദമായ മുറി കിട്ടുമോ എന്ന അന്വേഷണവും നടക്കുന്നുണ്ട്. താൽക്കാലികമായി സൈക്ലോൺ ഷെൽട്ടറും പരിഗണനയിലുണ്ട്. ഹെൽപ് ഡെസ്ക് ഉൾപ്പെടെ ആരംഭിച്ച് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.