വടകര കാമറക്കണ്ണുകളിലാവും
text_fieldsവടകര: വടകര പട്ടണം കാമറക്കണ്ണുകളിലാക്കി സുരക്ഷ ഉറപ്പുവരുത്താൻ തീരുമാനം. വടകര നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
നഗരം പൂർണമായും കാമറ വലയത്തിലാകുന്നതോടെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ കഴിയുമെന്ന വിലയിരുത്തലിലാണ് നഗരം കാമറ വലയത്തിലാക്കാൻ തീരുമാനിച്ചത്. നഗരത്തിൽ വ്യാപാരി കൊല്ലപ്പെട്ടതിനെ തുടർന്ന് സി.സി.ടി.വി കാമറകളുടെ അഭാവവും കടകളിലെ കാമറകൾ പ്രവർത്തനക്ഷമമല്ലാതെ കിടന്നതും
പൊലീസ് അന്വേഷണത്തിന് തടസ്സമായിരുന്നു. നഗരം കാമറ വലയത്തിലാക്കാനുള്ള പദ്ധതികൾ പാതിവഴിയിൽ നിലച്ചതും വിമർശനത്തിന് ഇടയാക്കിയിരുന്നു. ഓരോ സ്ഥാപനവും സ്വന്തം നിലയിൽ സി.സി.ടി.വി സ്ഥാപിച്ച് സ്ഥാപനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം പൊതുയിടങ്ങളിലേക്കും ഒരു കണ്ണുണ്ടാവാൻ വ്യാപാരി വ്യവസായി സംഘടനകൾ മുൻകൈ എടുക്കണമെന്നും ധാരണയായി.
വടകര പട്ടണത്തിൽ കത്താത്ത തെരുവുവിളക്കുകൾ കത്തിക്കാൻ ആവശ്യമായ നടപടി ഉണ്ടാവുമെന്ന് ചെയർപേഴ്സൻ യോഗത്തിൽ ഉറപ്പുനൽകി. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ വടകര പട്ടണത്തിൽ നടക്കാതിരിക്കാൻ ആവശ്യമായ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ചെയർമാനും ആർ.ഡി.ഒ സി. ബിജു കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചു.
യോഗത്തിൽ ആർ.ഡി.ഒ സി. ബിജു ഡിവൈ.എസ്.പി ആർ. ഹരിപ്രസാദ്, സി.ഐ പി.എം. മനോജ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം. ബിജു, സിന്ധു പ്രേമൻ, ടി.പി. ഗോപാലൻ മാസ്റ്റർ, സി. കുമാരൻ, പ്രേമൻ, പഴങ്കാവ് റഷീദ്, കെ. പ്രകാശൻ, ചൊക്രന്റവിട ചന്ദ്രൻ, എം.പി. അബ്ദുല്ല, പ്രദീപ്, അബ്ദുൽസലാം, വിനോദൻ, മുഹമ്മദ് എന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൻ കെ.കെ. വനജ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സജീവ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.