കോവിഡ് പ്രതിരോധത്തിനായി വെറ്ററിനറി ഡോക്ടര്‍മാർ: ആശുപത്രികളുടെപ്രവര്‍ത്തനം അവതാളത്തില്‍
text_fieldsവടകര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നത് മൃഗാശുപത്രികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഡോക്ടര്‍മാരെ കോവിഡ് പ്രതിരോധത്തിനുള്ള സെക്ടറല്‍ മജിസ്ട്രേറ്റുമാരായാണ് നിയമിക്കുന്നത്. ഇതാണ് ക്ഷീര കര്‍ഷകരെയുള്‍പ്പെടെ പ്രയാസത്തിലാക്കുന്നത്. പ്രവൃത്തി സമയം 24 മണിക്കൂറായി ദീര്‍ഘിപ്പിച്ച വടകര പുതിയാപ്പ് പോളി ക്ലിനിക്കിലെ രണ്ട് ഡോക്ടര്‍മാരില്‍ ഒരാളെ കോവിഡ് ഡ്യൂട്ടിക്ക് നിയമിച്ചിരിക്കുകയാണ്. ഇതോടെ, മൂന്ന് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. മണിയൂര്‍, തോടന്നൂര്‍, വില്യാപള്ളി, വേളം, മൃഗാശുപത്രികളിലും കോവിഡ് ഡ്യൂട്ടി കാരണം ഡോക്ടര്‍മാരില്ല.
ലോക്ഡൗണ്‍ വേളയില്‍പോലും ജോലിചെയ്ത ഈ ഡോക്ടര്‍മാര്‍ എത്താതായതോടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് ആളില്ലാത്ത അവസ്ഥയിലാണ്. ആശുപത്രികളിൽ അടിയന്തര കേസുകളുമായെത്തുന്നവര്‍ പകരം സംവിധാനമില്ലാതെ ദുരിതം പേറുകയാണ്.
കഴിഞ്ഞകാലങ്ങളില്‍നിന്നുമാറി കോവിഡ് പശ്ചാത്തലത്തില്‍ നിരവധി പേരാണ് ആടുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നിവയിലേക്ക് തിരിഞ്ഞത്. അടുത്തകാലത്തായി പശുക്കള്‍ക്കും ആടുകള്‍ക്കും പലവിധ രോഗങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരില്ലാതാകുന്നത് കര്‍ഷകരെ പ്രയാസത്തിലാക്കുകയാണ്.
കോവിഡ് പ്രോട്ടോകോള്‍ ലംഘനം കണ്ടുപിടിക്കുകയും എഫ്.എല്‍.ടി.സി സന്ദര്‍ശിച്ച് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തുകയാണ് സെക്ടറര്‍ മജിസ്ട്രേറ്റുമാരായി ചുമതല ഏറ്റെടുത്ത വെറ്ററിനറി ഡോക്ടര്‍മാരുടെ ജോലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.