ഉരുൾപൊട്ടൽ ഭീഷണി: നൂറോളം കുടുംബങ്ങളെ മാറ്റി
text_fieldsവടകര: ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയിൽ ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് വിലങ്ങാട് കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി കോളനികളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 100 ഓളം കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയത്. ചൊവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ പ്രദേശം ഒറ്റപ്പെട്ടിരുന്നു. മേഖലയിലേക്ക് വെള്ളിയാഴ്ചയാണ് പുറത്തുനിന്ന് ആളുകൾക്ക് എത്തിച്ചേരാൻ കഴിഞ്ഞത്. ദുരന്ത ഭൂമിയായി പ്രദേശം മാറിയിട്ടുണ്ട്. 25 ലധികം ചെറുതും വലുതുമായ ഉരുൾ പൊട്ടലുകളാണ് കോളനികളോടുചേർന്ന് മാത്രമുണ്ടായത്. കാർഷിക വിളകൾ, കടകൾ, പാലം എന്നിവയെല്ലാം ഒലിച്ചുപോയ നിലയിലാണ്. കോളനികളിലെ ജനങ്ങളെ പ്രധാന പാതയിലൂടെ പുറം ലോകത്തെത്തിക്കാനുള്ള മുച്ചങ്കയം പാലം തകർന്നുകിടക്കുകയാണ്. പുഴ ഗതിമാറി ഒഴുകി പാലത്തിനോട് ചേർന്നുള്ള കട പൂർണമായി ഒഴുകിപ്പോയി. പാലം തകർന്നതിനാൽ പന്നിയേരി, കുറ്റല്ലൂർ, പറക്കാട് കോളനികളും- പാലൂർ മാടാഞ്ചേരി വിലങ്ങാട് മേഖലയുമായുള്ള ബന്ധം ഇല്ലാതായിട്ടുണ്ട്.
ഈ ഭാഗങ്ങളിലെ കുടുംബങ്ങൾ അധികവും കണ്ണൂർ മേഖലയിലേക്കാണ് മാറിയത്. മരത്തടികൾ വെച്ചുകെട്ടി താൽക്കാലിക സംവിധാനം നാട്ടുകാർ ഒരുക്കിയാണ് പലരെയും പുഴകടത്തി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലേക്കും മാറ്റിയത്. വൈദ്യുതി ബന്ധം താറുമാറായിട്ട് മൂന്നുദിവസം പിന്നിട്ടു. വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. വിലങ്ങാട് ഉരുൾപൊട്ടലിൽ 900 ത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. പുതുതായി വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. ഇന്നലെ വിലങ്ങാട് നിന്ന് 25 കുടുംബങ്ങളെക്കൂടി ഇവിടേക്കുമാറ്റി. പാനോം ക്യാമ്പിൽനിന്നുള്ളവരെയും ഈ ക്യാമ്പിലേക്കു മാറ്റി. ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്ന മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളവരെ ഇവിടേക്ക് മാറ്റും.
ആളപായം കുറഞ്ഞെങ്കിലും വിലങ്ങാട് ദുരന്തത്തിന് വ്യാപ്തിയേറെ
നാദാപുരം: ഉരുൾപൊട്ടലിൽ വിലങ്ങാടും വയനാടും തമ്മിൽ സമാനതകളേറെ. വിലങ്ങാട് ആളപായം ഒരാളിലൊതുങ്ങിയപ്പോൾ നാശനഷ്ടം കനത്തതായി. വയനാടുമായി അതിർത്തി പങ്കിടുന്ന വനമേഖലയിൽ ഉരുൾപൊട്ടിയാണ് വിലങ്ങാട് പാനോംത്ത് നാശം വിതച്ചത്. രണ്ടിടങ്ങളിലുമുള്ളത് ഒരേ ഭൂപ്രകൃതിയാണ്. സമുദ്രനിരപ്പിൽ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള ഇടവിട്ടു നിൽക്കുന്ന കൂറ്റൻ മലകളും ചരിഞ്ഞ ഭൂപ്രകൃതിയുമാണ് വിലങ്ങാടിന്റെ സവിശേഷത.
ചെറു മഴ പെയ്താൽ പോലും കുത്തിയൊലിച്ചു താഴേക്കു വരുന്ന മലവെള്ളമാണ് പുഴകളിൽ നിറയുന്നത്. മഴയിൽ കുതിരുന്ന മേൽ മണ്ണ് എളുപ്പത്തിൽ തെന്നി നീങ്ങുന്ന മലമുകളിൽ മണിക്കൂറിൽ 250 മില്ലി മീറ്ററോളം മഴയാണ് ദുരന്ത രാത്രിയിൽ പെയ്തത്. ചെറിയ ലക്ഷണം കണ്ടപ്പോൾ തന്നെ പുറത്തിറങ്ങി മുന്നറിയിപ്പ് സന്ദേശം നൽകിയത് കൊണ്ട് മാത്രമാണ് വിലങ്ങാട് പ്രദേശം വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
മറിച്ചായിരുന്നെങ്കിൽ നൂറിലധികം മരണങ്ങൾ മഞ്ഞച്ചീള്, പാനോം ഭാഗത്ത് മാത്രം നടക്കുമായിരന്നുവെന്ന് നാട്ടുകാർ പറയുന്നു. 500 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് പ്രാഥമിക കണക്ക്. ഇവിടെ9,10 വാർഡുകളിലാണ് ഏറ്റവും നാശം വിതച്ചത്.
മടക്കം തുടങ്ങി: 43 ക്യാമ്പുകളിൽ ഇനി 2685 പേര്
കോഴിക്കോട്: മഴയുടെ ശക്തികുറയുകയും വെള്ളം കയറിയ പ്രദേശങ്ങളില്‍നിന്നും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി കുടുംബങ്ങള്‍. ജില്ലയിലെ നാലുതാലൂക്കുകളില് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ 38 എണ്ണം ഒഴിവാക്കി. നിലവില്‍ 43 ക്യാമ്പുകളിലായി കഴിയുന്നത് 2685 ആളുകളാണ്. കോഴിക്കോട് താലൂക്കിലെ കക്കോടി വില്ലേജില്‍ പുതുതായി രണ്ട് ക്യാമ്പുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്.
താമരശ്ശേരി താലൂക്കിലെ കാന്തലാട് വില്ലേജില്‍ പെരിയമല ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ സമീപത്തെ വീടുകളില്‍ താമസിക്കുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. താമരശ്ശേരി താലൂക്കില്‍ വീട് ഭാഗികമായി തകർന്നു. കട്ടിപ്പാറ വില്ലേജിലെ മാവുള്ളപൊയിലിൽ വലിയ പാറക്കല്ലിന്റെ ചെറിയൊരു ഭാഗം വേർപെട്ട് താഴേക്ക് പതിച്ചു. പാറയുടെ അരികിലുള്ള മരം കടപുഴകുകയും തൊട്ടടുത്ത മരം ഭാഗികമായി പൊട്ടിവീണു. ആളുകളെ നേരത്തെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയിരുന്നു. കോഴിക്കോട് താലൂക്കിലെ 13 ക്യാമ്പുകളില്‍ 139 കുടുംബങ്ങളില്‍നിന്നും 386 ആളുകളും താമരശ്ശേരി താലൂക്കിലെ 10 ക്യാമ്പുകളില്‍ 214 കുടുംബങ്ങളില്‍ നിന്നായി 567 ആളുകളും കൊയിലാണ്ടി താലൂക്കിലെ 10 ക്യാമ്പുകളില്‍ 161 കുടുംബങ്ങളില്‍ നിന്നായി 444 പേരും വടകര താലൂക്കിലെ 10 ക്യാമ്പുകളില്‍ 350 കുടുംബങ്ങളില്‍ നിന്നുള്ള 1288 ആളുകളുമാണുള്ളത്.
വിലങ്ങാട്; 50 ഓളം കുടുംബങ്ങൾക്ക് തിരികെ പോകാനിടമില്ല
വടകര: വിലങ്ങാട് ഉരുൾപൊട്ടലിൽ വീടും ഭൂമിയും നഷ്ടപ്പെട്ട 50 ഓളം കുടുംബങ്ങളുടെ പുനരധിവാസം വെല്ലുവിളിയാവും. 13 കുടുംബങ്ങളുടെ വീടുകളും ഭൂമിയും പൂർണമായി നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ വീടുകൾ താമസയോഗ്യമല്ലാത്ത വിധം നശിച്ചവയാണ്. പലരുടെയും വീടുകളുടെ ഭാഗങ്ങൾ പുഴയെടുക്കുകയും വീടുകളിൽ മണ്ണും ചെളിയും നിറഞ്ഞ നിലയിലാണ്.
മഴ മാറി വരുന്നതിനിടയിലുള്ള പരിശോധനയിൽ മലയോരത്ത് മണ്ണിൽ പുതഞ്ഞ തരത്തിൽ വീട് ഇ. കെ. വിജയൻ എം.എൽ.എ ഉൾപെടെയുള്ള ജനപ്രതിനിധികൾ വെള്ളിയാഴ്ച സന്ദർശിച്ചു. വീട്ടിലുള്ളവർ തൊട്ടടുത്ത വീട്ടിലായതിനാൽ ജീവൻ തിരിച്ച് കിട്ടിയതാണ്. ഇത്തരത്തിൽ ഔദ്യോഗികമായി വീടുകൾ പൂർണമായി നശിച്ചവരുടെ വിവരങ്ങൾ ഇനിയും ലഭ്യമാകാനുണ്ട്. മഴയുടെ ശക്തി കുറഞ്ഞ് ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങിയാലും ദുരിത ബാധിതർക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മടങ്ങി പോകാൻ കഴിയില്ല. വീടുകളുടെ അറ്റകുറ്റപണി ഉൾപെടെ നടത്തി താമസിക്കാൻ പറ്റുന്ന വിധത്തിലാക്കാൻ ഏറെ സമയമെടുക്കും. വീടുകൾ തകർന്ന മുഴുവൻ പേരും തൊഴിലാളികളും കൃഷിക്കാരുമാണ്. കുട്ടികളുടെ പഠനമുൾപ്പെടെ മുന്നോട്ട് കൊണ്ട് പോകാൻ പ്രയാസം അനുഭവിക്കുന്നവർ ഏറെയാണ്.
കുടിയേറ്റ മേഖലയിലെ കർഷകരിൽ മിക്കവരും കൃഷി, വിവാഹം, വിദ്യാഭ്യാസ വായ്പകൾ ഉൾപ്പെടെ ഉള്ളവരാണ്. സ്ത്രീകളാണെങ്കിൽ കുടുംബശ്രീ ഉൾപെടെയുള്ള സംവിധാനം വഴി വായ്പകൾ എടുത്തിട്ടുണ്ട്. ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ മുന്നോട്ട് ഇനി എങ്ങനെ പോകുമെന്നാണ് ദുരിത ബാധിതർ ഉയർത്തുന്ന ചോദ്യം. ദുരിത ബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഷാഫി പറമ്പിൽ എം.പി.യും വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി, വിലങ്ങാട് 10 വീട് നിർമിക്കുമെന്നും ജില്ല പഞ്ചായത്ത്
കോഴിക്കോട്: വയനാട് ജില്ലയിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ല പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നൽകും. ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുമെന്നും ജില്ല പഞ്ചായയത്ത് പ്രസിഡന്റ് ഷീജ ശശി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.