പുനരധിവാസം വെല്ലുവിളി
text_fieldsവടകര: ഉരുൾവാരിയെടുത്ത വിലങ്ങാടിന്റെ പുനരധിവാസം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. നാശ നഷ്ടങ്ങളുടെ കണക്ക് പൂർത്തിയായി വരുകയാണ്. ഓരോ ദിനം കഴിയുന്തോറും നഷ്ടങ്ങളുടെ ഗ്രാഫ് കുതിച്ചുയരുകയാണ്. 137 വീടുകൾ വാസയോഗ്യമല്ലാതായിട്ടുണ്ട്.
കാർഷീക മേഖലയുടെ വീണ്ടെടുപ്പിന് ബൃഹദ് പദ്ധതികൾ നടപ്പാക്കേണ്ടി വരും. 350 ഹെക്ടർ സ്ഥലത്തെ കൃഷി പൂർണമായും നശിച്ചു. പുനരധിവാസത്തിനും ഉപജീവനത്തിനും ഉൾപ്പെടെ 300 കോടിയിലധികം വേണ്ടി വരുമെന്നാണ് വാണിമേൽ ഗ്രാമ പഞ്ചായത്ത് പുറത്ത് വിടുന്ന കണക്ക്. മറ്റ് വകുപ്പുകളുടെ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് നടക്കുകയാണ്. വീടുകൾ നഷ്ടപെട്ട് പുനരധിവാസ കേമ്പുകളിൽ കഴിയുന്നവർക്ക് സുരക്ഷിത വാസ സ്ഥലമൊരുക്കാൻ നാടാകെ കൈകോർക്കുകയാണ്. ഗ്രാമീണ മേഖലയിൽ ദുരിത ബാധിതർക്ക് താൽക്കാലിക താമസ സൗകര്യമൊരുക്കുകയെന്നത് പ്രയാസകരമാണ്.
നഗര പ്രദേശങ്ങളിൽ നിന്നും വ്യത്യസ്ഥമായി വാടക വീടുകളുടെ ദൗർലഭ്യത അധികൃതരെ കുഴക്കുന്നുണ്ട്. വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂൾ, വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാന ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നത്. ദുരിത ബാധിതരെ സ്കൂൾ തുറന്നതോടെ മാറ്റി താമസിപ്പിച്ച് വരുകയാണ്. കെ.എസ്.ഇ.ബി.ക്ക് മേഖലയിൽ കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.
രണ്ട് കിലോമീറ്റർ ദൂരത്തിൽ 69 എച്ച്.ടി ലൈനുകളും നാല് കിലോമീറ്റർ ദൂരത്തിൽ 90 എൽ.ടി ലൈനുകളും വിലങ്ങാട് ചെറുകിട ജലപദ്ധതിയുടെ കനാൽ ഭാഗങ്ങളിലുമായി കനത്ത നാശനഷ്ടമാണുണ്ടായത്. കെ.എസ്.ഇ.ബി യുദ്ധകാല അടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിച്ച് കൈയടി നേടുകയുണ്ടായി.
മൃഗസംരക്ഷണ മേഖലയിൽ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പന്നിഫാമുകൾ ഒലിച്ചു പോയി 40 പന്നികളെയും 20 കുട്ടികളെയും കാണാതായി. വാണിമേൽ പുഴയോരം മുതൽ വിലങ്ങാട് വരെ 15 കിലോമീറ്റർ ദൂരത്തിൽ പുഴയുടെ സംരക്ഷണത്തിന് 100 കോടിയോളം ചിലവ് വരും.
ഉരുളിൽ നശിച്ച തോടുകളുടെ പുനരുദ്ധാരണത്തിന് 50 കോടി വേണ്ടി വരും. തോടുകൾ കര കവിഞ്ഞൊഴുകിയാണ് ഉൾപ്രദേശങ്ങളിൽ നാശം വിതച്ചത്. തോടുകളുടെ വീണ്ടെടുപ്പ് അത്യന്താപേക്ഷിതമാണ്. പൊതുമരാമത്ത് വകുപ്പ്, ജലഅതോറിറ്റി, കെ.ആർ.എഫ്.ബി തുടങ്ങിയവക്കും കോടികളുടെ നഷ്ടമുണ്ടായി. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്ത് ഉണ്ടായ നാശ നഷ്ടം വിലയിരുത്തി വരികയാണ്. പ്രത്യേക ക്യാമ്പുകൾ വഴി ദുരിത ബാധിതരിൽ നിന്നും വിവിധ വകുപ്പുകൾ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അവസാനിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.