പൊലീസുകാരന് നേരെ അക്രമം; തെളിവെടുപ്പ് നടത്തി
text_fieldsവടകര: ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ട സ്ഥലത്ത് പരിശോധനക്കെത്തിയ പൊലീസുകാരനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പൊലീസുകാരനെ കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്തി.
എടച്ചേരി പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്ത പ്രതി നാദാപുരം കായപ്പനച്ചി സ്വദേശി പുതുക്കുൽ താഴെകുനി ഷൈജു(39)വിനെ എടച്ചേരി സി.ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച ഉച്ചക്ക് 12ഒാടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പൊലീസുകാരനെ കുത്തി വീഴ്ത്തിയ സ്റ്റീൽ പിടിയോട് കൂടിയ കത്തി സമീപത്തെ വീടിനോട് ചേർന്ന പറമ്പിൽ നിന്നാണ് കണ്ടെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30ഓടെ ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ പണം വെച്ച് ശീട്ടുകളി നടക്കുന്നതറിഞ്ഞ് എടച്ചേരി പൊലീസിന്റെ നേതൃത്വത്തിൽ പരിശോധനക്കെത്തിയപ്പോഴാണ് പ്രതി എ.ആർ ക്യാമ്പിലെ പൊലീസുകാരൻ നടുവണ്ണൂർ സ്വദേശി അഖിലേഷിനെ (33) കത്തി കൊണ്ട് കുത്തിവീഴ്ത്തിയത്.
പാലക്കാട് ഷോളയാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആനക്കട്ടിയിൽ ഭാര്യയുടെ ബന്ധുവീടിന് സമീപത്ത് ഒളിച്ചു താമസിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ആക്രമിച്ചതിനു ശേഷം പ്രതി ട്രെയിൻ മാർഗം തലശ്ശേരിയിൽ നിന്നും ഈ റോഡിന് സമീപം പോത്തന്നൂർ എത്തുകയായിരുന്നു. അന്വേഷണസംഘത്തിന് വിവരം ലഭിച്ചതോടെ സ്ഥലത്തെത്തിയെങ്കിലും കണ്ടെത്താനായില്ല.
ആന്ധ്ര പൊലീസിനും റെയിൽവേ പൊലീസിനും വിവരം കൈമാറി. ഇതിനിടെ തമിഴ്നാട് ഈറോഡിൽ നിന്നും ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ട വിവരം ലഭിച്ചു. ആനക്കട്ടിയിൽ ഭാര്യയുടെ ബന്ധുവീടുണ്ടെന്ന് വിവരം ലഭിക്കുകയും റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഉറങ്ങുന്നതിനിടെ പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.