ഇന്നലെ നാടിനെ വിറപ്പിച്ചു; ഇന്ന് കണ്ണീർ കൊമ്പൻ
text_fieldsമാനന്തവാടി: ഇന്നലെ രാവിലെ മാനന്തവാടി നഗരത്തെയും പരിസര പ്രദേശങ്ങളെയും വിറപ്പിച്ച കാട്ടാന തണ്ണീർകൊമ്പൻ ചരിഞ്ഞ വാർത്തയാണ് ഇന്ന് രാവിലെ നാട്ടുകാരെ തേടിയെത്തിയത്. ആനക്ക് സംഭവിച്ചതിൽ വളരെ ദുഃഖമുണ്ടെന്നാണ് നാട്ടുകാരിൽ പലരും പ്രതികരിച്ചത്.
ഇന്നലെ മണിക്കൂറുകളോളം മുറ്റത്ത് നിന്ന് കളിച്ച ആനയായിരുന്നെന്നും വാർത്ത കേട്ടപ്പോൾ സങ്കടം തോന്നിയെന്നും പ്രദേശവാസി പറഞ്ഞു. തങ്ങളുടെ ഏതാനും വാഴകൾ നശിപ്പിച്ചിട്ടുണ്ടെന്നും അതിൽ സങ്കടമില്ലെന്നും അതിലുപരിയാണ് ആന ചരിഞ്ഞ വാർത്ത കേട്ടപ്പോഴുള്ള സങ്കടമെന്നും ഇന്നലെ മയക്കുവെടിയേൽക്കുമ്പോൾ ആന നിന്നിരുന്ന വാഴത്തോട്ടത്തിന്‍റെ ഉടമ പറഞ്ഞു.
ഇന്നലെ ആനയെ കാണാൻ നിരോധനാജ്ഞ ലംഘിച്ചും ജനം കൂട്ടത്തോടെ എത്തിയിരുന്നു. ആന ഇറങ്ങിയതിനെ തുടർന്ന് മാനന്തവാടി നഗരസഭയിലെ മാനന്തവാടി ടൗൺ, പെരുവക, താഴെയങ്ങാടി, എരുമത്തെരുവ് വാർഡുകളിലും എടവക ഗ്രാമപഞ്ചായത്തിലെ പാണ്ടിക്കടവ്, ചാമാടിപ്പൊയിൽ, പായോട് വാർഡുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
കർണാടകയിൽനിന്ന് റേഡിയോ കോളർ ഘടിപ്പിച്ച നിലയിൽ എത്തിയ കാട്ടാന തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുമായി അതിരിടുന്ന വനത്തിൽനിന്നാണ് വെള്ളിയാഴ്ച പുലർച്ചയോടെ മാനന്തവാടിയിൽ എത്തിയത്. മാനന്തവാടിയിലെയും സമീപ പ്രദേശങ്ങളിലെയും ജനത്തെ 11 മണിക്കൂറാണ് ആന മുൾമുനയിൽ നിർത്തിയത്. ഒടുവിൽ വൈകീട്ട് 5.30ഓടെ മയക്കുവെടി വെക്കുകയായിരുന്നു. പിന്നീട് കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി രാത്രി ബന്ദിപ്പൂരിലെത്തിക്കുകയായിരുന്നു.
ബന്ദിപ്പൂരിൽ എത്തിച്ച ആന വിദഗ്ധ പരിശോധനക്ക് വിധേയമാക്കുന്നതിന് മുമ്പ് തന്നെ ചരിയുകയായിരുന്നെന്നാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത്. സംഭവത്തിൽ അഞ്ചംഗ വിദഗ്ധ സമിതിയുടെ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.