മകനെ കാണാൻ അനുവദിക്കുന്നില്ലെന്ന്; ഭാര്യയുടെ വീട്ടുപടിക്കൽ യുവാവിെൻറ ഉപവാസം
text_fieldsവടകര: കോടതി ഉത്തരവുണ്ടായിട്ടും കാണാൻ മകനെ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യയുടെ വീട്ടുപടിക്കൽ ഭർത്താവിെൻറ ഉപവാസ സമരം. ചോമ്പാല സ്വദേശി ബൈത്തുൽ നൂറിൽ കേളോത്ത് മുഹമ്മദ് മുഷ്താഖ് ആണ് മാടാക്കരയിലെ ഭാര്യയുടെ വീടിനുമുന്നിൽ ഉപവാസം നടത്തുന്നത്. രണ്ടര വർഷം മുമ്പായിരുന്നു ഇവരുടെ പ്രണയ വിവാഹം.
വിവാഹജീവിതത്തിലെ അസ്വാരസ്യത്തെ തുടർന്ന് വടകര കുടുംബകോടതിയിൽ കേസ് നിലനിൽക്കുകയാണ്. ഒന്നര വയസ്സുള്ള മകനെ കാണണമെന്ന അപേക്ഷയിൽ കോടതി അനുകൂല വിധി ഉണ്ടായെന്നും എന്നാൽ, മകനെ കാണിക്കാതെ ഭാര്യയെ ബന്ധുക്കൾ വിദേശത്തേക്കു കടത്തിയെന്നും നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ഉപവാസമെന്നും മുഷ്താഖ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് മുഷ്താഖ് സുഹൃത്തുക്കളോടൊപ്പമെത്തി ഭാര്യയുടെ വീട്ടിനു മുന്നിൽ പന്തൽ കെട്ടി ഉപവാസം തുടങ്ങിയത്.
സംഭവമറിഞ്ഞ് ചോമ്പാല പൊലീസ് സ്ഥലത്തെത്തി. പ്രശ്നം നാട്ടു മധ്യസ്ഥർ മുഖേന പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വീടിനുമുന്നിൽ അനിശ്ചിതകാല ഉപവാസം നടത്തുമെന്ന് മുഷ്താഖ് വ്യക്തമാക്കി. പഠന ആവശ്യാർഥം യുവതി വിദേശത്തുപോയതാണെന്നും ഉപവാസത്തിനുപിന്നിൽ അപമാനിക്കാനുള്ള ശ്രമമാണെന്നും കേസ് കോടതിയിലായതിനാൽ നിയമപരമായി നേരിടുമെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.