വടയക്കണ്ടി നാരായണൻ നാളെ വിരമിക്കുന്നു
text_fieldsതിരുവള്ളൂർ: അധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ, അനൗൺസർ, കവി, ഗ്രന്ഥകർത്താവ്, ജൈവകൃഷി പ്രചാരകൻ, മാതൃഭാഷ സ്നേഹി തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വടയക്കണ്ടി നാരായണൻ തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽനിന്നും 33 വർഷത്തെ സേവനത്തിനു ശേഷം ബുധനാഴ്ച വിരമിക്കുന്നു.
മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് സംസ്ഥാന സർക്കാറിന്റെ വനമിത്ര പുരസ്കാരം, ദേശീയ അധ്യാപക ഇന്നവേഷൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1998ൽ തിരുവള്ളൂർ ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പദ്ധതിക്ക് നേതൃത്വം നൽകി. പ
ഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും പ്ലാസ്റ്റിക് സംഭരണികൾ സ്ഥാപിച്ചു. 2014 മുതൽ ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പാക്കിയ, സംസ്ഥാനം മുഴുവൻ ശ്രദ്ധ നേടിയ, ‘സേവ്’ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ ജില്ല കോഓഡിനേറ്ററായിരുന്നു. ഇതിന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി ‘സേവ്: പരിസ്ഥിതി പഠനത്തിന് ഒരാമുഖം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
സംസ്ഥാനതല ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകനായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് ആരംഭിച്ച ‘ലേപ്’ (ലാംഗ്വേജ് എക്യുസിഷൻ പ്രോഗ്രാം) എന്ന ഞായറാഴ്ചതോറുമുള്ള ഓൺലൈൻ ശിൽപശാല 75 എപ്പിസോഡുകൾ പിന്നിട്ടു.
നാച്ചുറോപതി ആൻഡ് യോഗ ഫെഡറേഷൻ ജില്ല പ്രസിഡന്റ്, മൈൻഡ് ട്യൂൺ എക്കോ വേവ്സ് കേരള ചാപ്റ്റർ ചെയർമാൻ, കേരള ജൈവ കർഷക സമിതി ജില്ല വൈസ് പ്രസിഡന്റ്, മടപ്പള്ളി ഗവ. കോളജ് പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ്, ജില്ല പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കൺവീനർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.