പുലിഭീതിയിൽ വളയം; വനംവകുപ്പ് പരിശോധന നടത്തി
text_fieldsനാദാപുരം: പുലിയിറങ്ങിയതായി പറയുന്ന വളയം പഞ്ചായത്തിലെ അച്ചംവീട്ടിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഒരാഴ്ചയായി പ്രദേശവാസികൾ ഇവിടെ പുലിഭീതിയിലാണ്. ബുധനാഴ്ച രാവിലെ നല്ലടത്ത് അമ്പലത്തിനു സമീപം പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അച്ചംവീട് നമ്പിയേച്ചുകുന്നിൽ മിച്ചഭൂമിക്കു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് പരിസരവാസിയായ സ്ത്രീ പുലിയെ കണ്ടതായി പറയുന്നത്.
കുറ്റിക്കാടുകൾ നിറഞ്ഞ ഇവിടെനിന്നും നിരവധി കുറുക്കന്മാർ ഓടിപ്പോയതായും നിർത്താതെയുള്ള കരച്ചിൽ തുടർന്നതായും നാട്ടുകാർ പറയുന്നു. പ്രദേശത്തെ വീട്ടിൽ കഴിഞ്ഞയാഴ്ച ആടിനെ കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. പുലിയെ കണ്ടതായി പറയുന്ന സ്ഥലത്തിനു സമീപമാണിത്. കൂടാതെ, ചെക്യാട് പഞ്ചായത്തിലെ എ.ആർ കോളനിയിലും കഴിഞ്ഞയാഴ്ച പുലിയെത്തിയതായി അഭ്യൂഹമുണ്ട്. ഇവിടെയും കുറുക്കനെയും കൊന്നുതിന്ന നിലയിൽ കണ്ടെത്തി. പ്രദേശത്ത് രാത്രികാലങ്ങളിൽ വെളിച്ചം അണക്കരുതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നിർദേശം നൽകി. ശല്യം രൂക്ഷമാവുകയാണെങ്കിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച രാത്രിയിലും പുലിയെ കണ്ടതായി അഭ്യൂഹം പരന്നതോടെ നാട്ടുകാർ രാത്രികാവൽ തുടരുകയാണ്.
അതേസമയം, വ്യാഴാഴ്ച രാത്രിയിലും പുലിയിറങ്ങിയതായി നാട്ടുകാർ. കല്ലുനിര ചേലത്തോട്ടിനുസമീപം ഇടവഴിയിൽ പുലിയുടേതെന്നു തോന്നിക്കുന്ന കാൽപാടുകൾ കണ്ടതാണ് നാട്ടുകാരെ ഭീതിയിലാക്കിയത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഒരാഴ്ചയായി വളയം, ചെക്യാട് പഞ്ചായത്തിന്റെ മലയോര മേഖലയിലെ വിവിധ ഇടങ്ങളിൽ പുലിയിറങ്ങിയതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.