പുതിയപാലത്തെ വലിയപാലം അടുത്തവർഷം ഏപ്രിലോടെ
text_fieldsകോഴിക്കോട്: പുതിയപാലത്തെ വലിയപാലത്തിന്റെ പ്രവൃത്തി അടുത്ത വർഷം ഏപ്രിലോടെ പൂർത്തിയാക്കാൻ ഭഗീരഥ പ്രയത്നം. മന്ദഗതിയിലായ പ്രവൃത്തിക്ക് ഭൂമി വിട്ടുകിട്ടിയതോടെയാണ് നിർമാണത്തിന് ജീവൻവെച്ചത്. പാതിയിലധികം പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. അവശേഷിക്കുന്നവരും സ്ഥലം വിട്ടുനൽകാൻ സമ്മതം നൽകിയതോടെ ഭൂമിയേറ്റെടുക്കൽ പൂർത്തിയായി.
വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് വലിയപാലം നിർമിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങിയത്. 40 കോടി ചെലവിലാണ് വലിയ പാലം നിർമിക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് മാത്രം പോകാൻ സാധിക്കുന്ന കോൺക്രീറ്റ് പഴയ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിർമിക്കുന്നത്. പാലം അപകടത്തിലായതോടെ ഗതാഗതം നിർത്തിവെച്ചിരുന്നു. 2022 ജൂലൈ മൂന്നിന് പുതിയ പാലത്തിനായുള്ള നിർമാണോദ്ഘാടനം നടത്തിയെങ്കിലും കാരാറുമായി ബന്ധപ്പെട്ട തർക്കം കാരണം നിർമാണം വൈകി. മാസങ്ങൾക്കു ശേഷമാണ് നിർമാണം ആരംഭിക്കാൻ സാധിച്ചത്. നിലവിൽ പുതിയ പാലത്തിന്റെ പൈലിങ് പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ഭൂമി ഏറ്റെടുത്തതോടെ ഈ ഭാഗത്തുള്ള പൈലിങ്ങും ഉടൻ നടത്തും.
ഇരുഭാഗത്തും സർവിസ് റോഡുകളും സമീപന റോഡുകളുമുണ്ട്. പുതുതുമായി നിർമിക്കുന്ന പാലത്തിന് 195 മീറ്റർ നീളവും 11 മീറ്ററിലേറെ വീതിയുമുണ്ട്. 1947 ലായിരുന്നു കനോലികനാലിന് കുറകെ ആദ്യം പാലം നിർമിച്ചത്. ഈ പാലം തകർന്നശേഷം 1982ൽ വീണ്ടും പാലം നിർമിച്ചു.
ഈ പാലം വന്നതു മുതലാണ് പ്രദേശം പുതിയപാലം എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത്. ഇടുങ്ങിയ പഴയ പാലത്തിനുപകരം വാഹനങ്ങൾക്ക് യഥേഷ്ടം കടന്നുപോകാനുള്ള സൗകര്യത്തോടെയാണ് പുതിയ പാലം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.