വട്ടച്ചിറ ഇടമനശ്ശേരി കുടിവെള്ള പദ്ധതി നിലച്ചു
text_fieldsകൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് വട്ടച്ചിറ ഇടമനശ്ശേരി കുടിവെള്ള പദ്ധതി പ്രവർത്തനരഹിതമായതോടെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. പഞ്ചായത്തിലെ 10, 11 വാർഡുകളിലെ എഴുപതോളം ഗുണഭോക്താക്കൾ ഈ പദ്ധതിക്കുണ്ട്.
രണ്ടു മാസക്കാലമായി ഇവർക്ക് വെള്ളം ലഭിക്കുന്നില്ല. നിർമാണത്തിലെ അപാകതയാണ് കുടിവെള്ള പദ്ധതി നിലക്കാൻ കാരണം. കിണറിൽനിന്ന് ഏകദേശം 700 മീറ്റർ ദൂരത്താണ് ടാങ്ക് നിർമിച്ചത്. ഇത് വലിയ ഉയരത്തിലുമാണ്. അതിനാൽ, വെള്ളം പമ്പ് ചെയ്യുമ്പോൾ പൈപ്പ് പൊട്ടുന്നത് തുടർക്കഥയാണ്.
മോട്ടോറിന് നിരന്തരം തകരാർ സംഭവിക്കുകയും ചെയ്യുന്നു. പൈപ്പ് ഗുണമേന്മ കുറഞ്ഞതാണെന്ന പരാതിയും ഗുണഭോക്താക്കൾക്കുണ്ട്. ഗുണഭോക്തൃ വിഹിതമുൾപ്പെടെ എടുത്തിട്ടും ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിൽ നാട്ടുകാർ നിരാശയിലാണ്. പദ്ധതി നടത്തിപ്പിന് ജനകീയ കമ്മിറ്റി ഉണ്ടെങ്കിലും കാര്യക്ഷമമല്ലെന്ന പരാതിയും നിലവിലുണ്ട്. കാലവർഷം ചതിച്ചതോടെ ജലസ്രോതസ്സുകളിലെ വെള്ളം വറ്റിത്തുടങ്ങി.
പ്രദേശവാസികൾ പലരും പ്രകൃതിദത്ത സ്രോതസ്സുകളിൽനിന്ന് പൈപ്പ് ഉപയോഗിച്ച് വെള്ളമെടുക്കാറുണ്ട്. എന്നാൽ, ചൂട് കനത്താൽ കുടിവെള്ള പദ്ധതിയെ തന്നെ ആശ്രയിക്കേണ്ടിവരും. അതിനാൽ ഉടൻ പദ്ധതി പ്രവർത്തനക്ഷമമാക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.