ഭിന്നശേഷിക്കാർക്ക് തുറന്ന ഫൂട്പാത്ത് കൈയേറി വാഹനങ്ങൾ
text_fieldsകോഴിക്കോട്: മനുഷ്യാവകാശ കമീഷൻ ഇടപെട്ട് ഫൂട്പാത്തിന് നടുവിലെ കുറ്റികൾ ഒഴിവാക്കിയപ്പോൾ ഫൂട്പാത്ത് നിറയെ വാഹനങ്ങൾ. ഇതോടെ മാവൂർ റോഡിൽ ഗതാഗതത്തിരക്കുള്ളപ്പോൾ ഫൂട്പാത്തിലൂടെ നടക്കാനാവാത്ത സ്ഥിതിയായി.
തലങ്ങും വിലങ്ങും ഫൂട്പാത്തിൽ ഓടുന്ന ഇരുചക്രവാഹനങ്ങൾ കയറിയിറങ്ങി ഓടയിലേക്കുള്ള അടപ്പുകൾ തകർന്നുതുടങ്ങി. തകർന്നഭാഗത്ത് പരിസരവാസികൾ മുന്നറിയിപ്പായി തടസ്സങ്ങൾ വെച്ച് മൂടിയിട്ടിരിക്കുകയാണിപ്പോൾ. മഴയിൽ മാവൂർ റോഡിൽ മുട്ടറ്റം വെള്ളം പൊങ്ങുന്നത് പതിവാണ്. ഈ സമയം കുഴിയിൽ വീണ് അപകടമുണ്ടാവുമെന്ന ആശങ്ക നിലനിൽക്കുന്നു. ഒരാളിലേറെ ആഴമുള്ള മാവൂർ റോഡിലെ ഓടയിൽ വീണാൽ പിന്നെ കനോലി കനാലിലാവും പൊങ്ങുക. ഫൂട്പാത്തിൽ വാഹനം കയറുന്നത് തടയാൻ നിശ്ചിത ദൂരത്തിൽ വിലങ്ങനെ കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ചിരുന്നു.
ഭിന്നശേഷിക്കാരടക്കമുള്ളവർക്ക് വീൽചെയർ കൊണ്ടുപോവാനാവാത്ത വിധമായിരുന്നു കുറ്റി സ്ഥാപിച്ചത്. ഇത് മനുഷ്യാവകാശ ധ്വംസനമാണെന്ന് കാണിച്ചുള്ള പരാതിയിലാണ് ചക്രക്കസേരകൾക്ക് സൗകര്യമൊരുക്കാൻ മനുഷ്യാവകാശ കമീഷൻ നിർദേശിച്ചത്. ഇതുപ്രകാരം ഫൂട്പാത്തിന് നടുവിലെ രണ്ട് കുറ്റികൾ വീതം അധികൃതർ എടുത്തുമാറ്റി സൗകര്യമൊരുക്കി. ഇത് ദുരുപയോഗം ചെയ്താണ് ഇരുചക്രവാഹനങ്ങൾ വ്യാപകമായി ഫൂട്പാത്തിലൂടെ ഓടിത്തുടങ്ങിയത്. നാലുവരിപ്പാതയായതിനാൽ എതിർദിശയിലേക്ക് യു ടേൺ എടുത്തുപോവാതെ ഫൂട്പാത്ത് വഴിതന്നെ ഓടുന്നവരും കുറവല്ല.
മാവൂർ റോഡ് ജങ്ഷനിൽ ഓണത്തിരക്കിൽ ഗതാഗതസ്തംഭനം സ്ഥിരമായിരിക്കുകയാണ്. ഈ നേരങ്ങളിൽ വരി തെറ്റിച്ച് വണ്ടികൾ ഫൂട്പാത്ത് കയറിയിറങ്ങുന്നു. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ കണ്ട് മാറിനിന്നില്ലെങ്കിൽ അപകടം ഉറപ്പ്. മാവൂർ റോഡ് ജങ്ഷൻ മുതൽ അരയിടത്തുപാലം വരെയും രാജാജി റോഡിലുമാണ് നടപ്പാത നവീകരണം നടന്നത്. അമൃത് പദ്ധതിയിൽ മൊത്തം 276.76 കോടിയുടെ വികസനം നടക്കുന്നതിൽ മാവൂർ റോഡ്, രാജാജി റോഡ് നടപ്പാതകൾക്കും നടപ്പാലത്തിനുമായി 11.35 കോടി വിനിയോഗിച്ചിരുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വിശദമായ പദ്ധതി റിപ്പോർട്ടും പ്ലാനും തയാറാക്കിയപ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നടപ്പാത പണിതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.