മണ്ണിടിച്ചിൽ ഭീഷണി: വേങ്ങേരി ജങ്ഷനിൽ ഇരുചക്രവാഹനങ്ങൾക്ക് മരണയാത്ര
text_fieldsവേങ്ങേരി: ദേശീയപാതയിലെ വേങ്ങേരി ജങ്ഷനിൽ ഇരുചക്രവാഹന യാത്ര അപകടകരമായ രീതിയിൽ. കോഴിക്കോട്-കക്കോടി ഭാഗത്തേക്ക് നിയന്ത്രണത്തിനു വിധേയമായി കടത്തിവിടുന്ന സർവിസ് റോഡിൽ നിറയെ കുണ്ടുംകുഴികളുമാണ്. ടാറിങ് നടത്തുകയോ മറ്റു സൗകര്യങ്ങളൊരുക്കുകയോ ചെയ്യാത്ത ഈ ചെമ്മൺറോഡ് മഴപെയ്യുന്നതോടെ ചളിക്കളമാകും. ദേശീയ പാതയുടെ വശത്ത് സുരക്ഷാഭിത്തി ഒരുക്കാത്തതും വെള്ളം നിറഞ്ഞ് മണ്ണ് കുതിർന്നു നിൽക്കുന്നതിനാലും മൺഭിത്തിക്കുമുകളിലൂടെ ഇരുചക്രവാഹനവും മറ്റുചെറിയ വാഹനങ്ങളും ഓടിക്കുന്നത് ഏതുസമയവും വലിയ അപകടത്തിനിടയാക്കും.
വെങ്ങളം - രാമനാട്ടുകര ആറുവരി ദേശീയപാതക്ക് കുറുകെ വേങ്ങേരി ജങ്ഷനിൽ 45 മീറ്റർ വീതിയിലും 27 മീറ്റർ നീളത്തിലും മേൽപാലം നിർമിക്കുന്നതിനിടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി മണ്ണിടിഞ്ഞിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ജനുവരി 31ന് നിർമാണം നിർത്തിവെച്ച് വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ അരികുഭാഗത്ത് കോൺക്രീറ്റ് സുരക്ഷ കട്ടകൾ സ്ഥാപിച്ചിരുന്നു. ഈ സുരക്ഷ കട്ടകൾ മറ്റിടങ്ങളിലെ ആവശ്യങ്ങൾക്ക് ക്രമേണ കരാറുകാർ കൊണ്ടുപോവുകയായിരുന്നു. 13.5 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലും മാത്രമേ മേൽപാലം പൂർത്തിയായിരുന്നുള്ളൂ. ആറു വരിയുടെ അവശേഷിക്കുന്ന പാതിഭാഗത്ത് റോഡ് താഴ്ത്തി പുതിയ പാത നിർമിക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞ്. മഴപെയ്തതോടെ റോഡിൽ ചളിനിറഞ്ഞതിനാൽ തിരക്കും ചളിക്കുണ്ടുകളും ഒഴിവാക്കാൻ ഇടിയാനിടയുള്ള ഭാഗത്തുകൂടിയാണ് ഇപ്പോൾ ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കുന്നത്. യാത്രക്കാർ പലരും കരുതുന്നത് ഉറപ്പുള്ള ഭാഗമാണിതെന്നാണ്. ഈ ഭാഗം അടച്ചുകെട്ടാത്തത് കൂടുതൽ അപകടത്തിനിടയാക്കുകയാണ്. അരികിലൂടെ പോകുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ടാൽപോലും മീറ്ററുകൾ താഴ്ചയുള്ള ഭാഗത്തേക്കുവീണ് ജീവൻ അപകടത്തിലാകും. ചളിക്കുളമായ ഭാഗത്ത് ക്വോറിവേസ്റ്റോ മറ്റോ ഇട്ടാൽ അപകടയാത്ര ഒഴിവാക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തെരുവ് വിളക്കുകൾ ഈ ഭാഗത്ത് ഇല്ലാത്തതും രാത്രി സമയത്ത് വലിയ ഭീഷണിയാണ്. ദേശീയ പാത അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ പ്ലാൻ മാറ്റി 45 മീറ്റർ നീളത്തിലും 13.5 മീറ്റർ വീതിയിലും നിർമിക്കുന്ന ഓവർപാസിന്റെ രണ്ടാംഘട്ട കോൺക്രീറ്റ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അനുബന്ധപ്രവൃത്തികൾ പൂർത്തിയാക്കി ആഗസ്റ്റ് പാതിയോടെ മാത്രമേ ഈ ഭാഗം രണ്ടുവരിയിൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനാവൂ എന്നാണ് കരാറുകാർ പറയുന്നത്. റോഡിലെ അറ്റകുറ്റപ്പണികൾ നടത്തി സുരക്ഷാഭിത്തികൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേശീയപാത നിർമാണത്തെതുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ട മാളിക്കടവ് -തണ്ണീർപന്തൽ പാതയിലെ വാഹനപെരുപ്പംമൂലം റോഡ് തകർന്നതിനാൽ ഈ വഴിയുള്ള ഗതാഗതം നാട്ടുകാർ തടഞ്ഞു. കരാറുകാരുടെ നിരുത്തരവാദപരമായ നടപടിയിൽ പ്രതിഷേധിച്ച് റോഡ് പൂർണമായും നന്നാക്കാതെ ബസുകൾ പോകാൻ അനുവദിക്കില്ലെന്നാ ണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.