തിങ്കളിന് തിങ്കളാഴ്ച വെള്ളിത്തിളക്കം
text_fieldsകക്കോടി: തിങ്കളാഴ്ച വൈകീട്ട് പടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടുന്ന ചന്ദ്രക്കലക്ക് വെള്ളിത്തിളക്കമാകും. ആകാശഗംഗയിൽ ചന്ദ്രനു ചാരെയായുള്ള ശുക്രന്റെ സാന്നിധ്യമാണ് ഈ കൗതുകത്തിന് കാരണം. ശുക്രനെ (വീനസ്) വെള്ളി എന്നും പറയാറുണ്ട്. ഇരുട്ടിന് കട്ടികൂടുന്നതോടെ ഈ ചന്ദ്ര-ശുക്ര സമാഗമത്തിന് അൽപം താഴെയായി ശനി (സാറ്റേൺ) ഗ്രഹം കൂടി തെളിയുമ്പോൾ കാഴ്ച കൂടുതൽ ചേതോഹരമാകും. ഒരുവിധ സാമഗ്രികളുടെയും സഹായമില്ലാതെ കണ്ണുകൊണ്ടുതന്നെ ഈ കാഴ്ചമനോഹരമായി കാണാം.
ശനി പൊതുവെ തിളക്കം കുറഞ്ഞ ഗ്രഹമാണ്. ഈ ഗ്രഹചന്ദ്ര സംഗമം ഭൂമിയിൽനിന്നുള്ള കാഴ്ച മാത്രമാണ്. യഥാർഥത്തിൽ ഇവ തമ്മിൽ കോടിക്കണക്കിന് കിലോമീറ്ററിന്റെ ദൂരവ്യത്യാസമുണ്ട്. ഒരു മൊബൈൽ കാമറയിൽപ്പോലും പകർത്താൻ കഴിയുന്ന തിളക്കം ഈ ഗ്രഹചന്ദ്രമുക്കൂട്ടിനുണ്ട്.
ഏതാനും മണിക്കൂറുകൾ കഴിയുന്നതോടെ ഈ സംഗമനാടകത്തിലെ കഥാപാത്രങ്ങൾ ക്രമേണ അകന്നുപോകുന്നതു കാണാമെന്ന് അമച്വർ വാനനിരീക്ഷകനും അസ്ട്രോകോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. പഠനങ്ങൾക്ക് ബന്ധപ്പെടാൻ: 994747 3909.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.