ആനന്ദനൃത്തമാടി അണികളുടെ വിജയാഘോഷം
text_fieldsകോഴിക്കോട്: പ്രതീക്ഷക്കപ്പുറത്തെ ചരിത്രവിജയം ആഘോഷമാക്കി യു.ഡി.എഫ് പ്രവർത്തകർ. എല്ലാ പ്രവചനങ്ങളെയും അതിജയിപ്പിച്ച വിജയത്തിന്റെ ആഘോഷം അണികളിൽ അടക്കിനിർത്താൻ അധികൃതർ പുറപ്പെടുവിച്ച നിരോധനാജ്ഞക്ക് കഴിഞ്ഞില്ല. വോട്ടെണ്ണലിന് മുമ്പേ ആശങ്കയിലമർന്ന പ്രവർത്തകർക്ക് യു.ഡി.എഫ് സ്ഥാനാർഥികളായ എം.കെ. രാഘവനും ഷാഫി പറമ്പിലിനും മേൽക്കെ ലഭിച്ചത് ആവേശം പകർന്നു. നിരോധനാജ്ഞമൂലം രാവിലെതന്നെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കെത്താതിരുന്ന അണികളും നേതാക്കളും പാർട്ടി കേന്ദ്രങ്ങളിലും വീടുകളിലുമിരുന്ന് ഫലം നിരീക്ഷിച്ചു. മൊബൈലിലൂടെയും ടി.വിയിലൂടെയും തത്സമയ വോട്ടെണ്ണല്‍ കാണാനുള്ള സംവിധാനം മിക്ക പാര്‍ട്ടി ഓഫിസുകളിലും ഒരുക്കിയിരുന്നു. ഉച്ചയോടെ വിജയം ഉറപ്പിച്ചപ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവർത്തകരുടെയും നേതാക്കളുടെയും ഒഴുക്കായിരുന്നു. കൈകളിൽ കൊടിയും മധുരപലഹാരവുമായി സ്ഥാനാർഥികളെ കാത്തുനിന്നു.
വോട്ടർമാരുടെ മനസ്സിൽനിന്ന് വോട്ടുകൾ കൈയടക്കിയ സ്ഥാനാർഥികളായ എം.കെ. രാഘവന്റെയും ഷാഫി പറമ്പിലിന്റെയും നിഴൽ കണ്ടമാത്രയിൽ ആനന്ദമടക്കാനാവാതെ സ്നേഹത്തിൽപൊതിഞ്ഞ മുദ്രാവാക്യം വിളികളുമായി റോഡിലേക്ക് പ്രവർത്തകർ പാഞ്ഞടുത്തു. ഏതാണ്ട് അവസാന റൗണ്ട് പൂർത്തിയായിരിക്കെയാണ് എം.കെ. രാഘവനും ഷാഫി പറമ്പിലും വോട്ടെണ്ണൽ കേന്ദ്രമായ വെള്ളിമാട്കുന്നിലേക്കെത്തുന്നത്. ലോ കോളജിനുമുന്നിൽ വെച്ച് എം.കെ. രാഘവനെ ചുമലിലേറ്റി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും ആഹ്ലാദച്ചുവടുകൾവെച്ചും പൂളക്കടവ് ജങ്ഷൻവരെ ആനയിച്ചു. മധുരം നൽകിയും ഷാളണിയിച്ചും ആഹ്ലാദം പങ്കുവെച്ച പ്രവർത്തകരുടെ സ്നേഹപ്രകടനത്തിൽ സ്ഥാനാർഥി വീർപ്പുമുട്ടി. എം.കെ. രാഘവന്റെ ചിത്രംപതിച്ച ടീഷർട്ട് ധരിച്ചും ചിത്രം ആലേഖനംചെയ്ത ബോർഡുകൾ കൈയിലേന്തിയുമാണ് പ്രവർത്തകർ എത്തിയത്. പടക്കം പൊട്ടിച്ചും ബാന്‍ഡ് മേളത്തിനൊപ്പം ചുവടുവെച്ചും നഗര-ഗ്രാമങ്ങളെ ആവേശത്തിലാഴ്ത്തി യു.ഡി.എഫ് പ്രവര്‍ത്തകർ വിവിധയിടങ്ങളിൽ വിജയമാഘോഷിച്ചു. അലങ്കരിച്ച തുറന്ന വാഹനത്തിൽ നേതാക്കൾക്കൊപ്പം അദ്ദേഹം നന്ദിയറിയിക്കാൻ വിവിധയിടങ്ങളിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.