സംഘർഷം: മെഡിക്കൽ കോളജിൽ നിരീക്ഷണ സമിതി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്തുണ്ടായ സംഘർഷത്തെ തുടർന്ന് സി.ഐ ബെന്നിലാലുവിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു.
കൗൺസിലർമാരായ ഇ.എം. സോമൻ, കെ. മോഹനൻ, സുരേഷ് കുമാർ ടി, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രതിനിധികൾ, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ, പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മെഡിക്കൽ കോളജ് പരിസരത്ത് മദ്യവും മയക്കുമരുന്നും വാങ്ങിക്കാനായി സ്ഥിരം ആളുകളെത്തുന്നത് പ്രദേശത്ത് സംഘർഷമുണ്ടാക്കുന്നു എന്നതാണ് പ്രധാന പരാതി.
ലോഡ്ജുകൾ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനവും വ്യാപകമാണ്. ഇവയെല്ലാം നിയന്ത്രിക്കാനായി സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തണമെന്നും ആവശ്യമുയർന്നു.
രാത്രി മുഴുവൻ തുറന്നിരിക്കുന്ന കടകൾ മോഷ്ടാക്കൾക്കും അനാശാസ്യ പ്രവർത്തനം നടത്തുന്നവർക്കും സൗകര്യം നൽകുന്നുണ്ടെന്നാണ് പരാതി. മെഡിക്കൽ കോളജ് ഭാഗത്തെ കടകൾ തുറന്നുപ്രവർത്തിക്കാനുള്ള സമയത്തിൽ കൃത്യത വരുത്തണം.
പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമായതിനാൽ മെഡിക്കൽ കോളജ് ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ദൂരെയുള്ളവർ പോലും ഓട്ടോറിക്ഷ പിടിച്ചാണ് രാത്രികളിൽ വീട്ടിൽ പോകുന്നത്. ഇതിനാൽ കോവൂർ നിവാസികളുടെ ജീവിതം ദുരിതപൂർണമാണെന്നും റസിഡന്റ്സ് അസോസിയേഷനുകൾ കുറ്റപ്പെടുത്തി. മയക്കുമരുന്ന് വിൽപന ശ്രദ്ധയിൽപെട്ടാലുടൻ എക്സൈസ് വകുപ്പിനെ വിവരമറിയിക്കണമെന്ന് സി.ഐ ബെന്നിലാലു നിർദേശിച്ചു.
ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനും നിയന്ത്രിക്കാനുമായി നിരീക്ഷണ സമിതി രൂപവത്കരിക്കാൻ യോഗത്തിൽ ധാരണയായി. ഓട്ടോറിക്ഷ, ടാക്സി യൂനിയനുകളുടെ പ്രതിനിധികൾ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരടങ്ങുന്ന സമിതി മാസത്തിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.