കോർപറേഷൻ ഓഫിസിൽ വിജിലൻസ് പരിശോധന; മദ്യപിച്ച ഉദ്യോഗസ്ഥൻ പിടിയിൽ
text_fieldsകോഴിക്കോട്: ഡ്യൂട്ടി സമയം മദ്യപിച്ച ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലൻസ്. കോഴിക്കോട് കോർപറേഷൻ ഓഫിസിലെ ടൗൺ സർവേ വിഭാഗത്തിലെ ചെയിൻമാൻ രാജേഷാണ് പിടിയിലായത്. ഓഫിസ് പ്രവർത്തനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽനിന്ന് പരാതി ഉയർന്നതോടെ വിജിലൻസ് വിഭാഗം ബുധനാഴ്ച വൈകീട്ടോടെ പരിശോധനക്കെത്തുകയായിരുന്നു.
ഇൻസ്പെക്ടർ സി. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കവെ മദ്യലഹരിയിൽ രാജേഷിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ടൗൺ പൊലീസിന് കൈമാറി. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു.
കോർപറേഷൻ പരിധിയിലെ വിവിധ ഭൂമികൾ സർവേ ചെയ്യുന്ന വിഭാഗമാണിത്. ഓഫിസിലെ ഫയലുകൾ പരിശോധിച്ചതിൽ 2018 മുതലുള്ള ഇരുന്നൂറിലേറെ സർവേ അപേക്ഷകളിൽ നടപടി സ്വീകരിച്ചില്ലെന്ന് കണ്ടെത്തി.
മാത്രമല്ല ഓഫിസിൽ സൂക്ഷിക്കേണ്ട പല രജിസ്റ്ററുകളും ചിട്ടയോടെയല്ല സൂക്ഷിച്ചത്. മറ്റു ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. പരിശോധന റിപ്പോർട്ടിന്മേൽ ഉടൻ വകുപ്പുതല നടപടിയുണ്ടാകും. എ.എസ്.ഐമാരായ ഗിരീഷ്, പ്രകാശൻ, സാബു, സി.പി.ഒ രോഹിത് എന്നിവരടങ്ങുന്ന സംഘമാണ് ഓഫിസിൽ പരിശോധന നടത്തിയത്.
ഓഫിസ് പ്രവർത്തനം കുത്തഴിഞ്ഞു -പ്രതിപക്ഷം
കോഴിക്കോട്: കോർപറേഷൻ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി മാറിയതിനു പുറമേ ഓഫിസ് പ്രവർത്തനം കുത്തഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത കുറ്റപ്പെടുത്തി. ഓഫിസ് പ്രവർത്തന സമയത്ത് മദ്യപിച്ച ജീവനക്കാരൻ പൊലീസ് പിടിയിലായ സംഭവം കോർപറേഷൻ ചരിത്രത്തിൽ ആദ്യമാണ്.
ഓഫിസിൽ നിയന്ത്രണം ആർക്കുമില്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്. ഓഫിസിലെത്തുന്ന സാധാരണക്കാർക്ക് അർഹമായ പരിഗണനയോ സേവനമോ ലഭിക്കുന്നില്ല. ഏതാനും പാർശ്വവർത്തികളെ കൊണ്ടുനടക്കുന്ന സെക്രട്ടറി ഇനിയെങ്കിലും ഉത്തരവാദിത്തത്തോടുകൂടി കാര്യങ്ങൾ നിർവഹിക്കാൻ തയാറാകണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.