കോർപറേഷൻ ഓഫിസുകളിൽ വിജിലൻസ് പരിശോധന
text_fieldsകോഴിക്കോട്: അനധികൃത കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട വ്യാപക ആരോപണത്തിന്റെ പാശ്ചാത്തലത്തിൽ കോർപറേഷൻ ഓഫിസിലും വിവിധ മേഖല ഓഫിസുകളിലും വിജിലൻസ് പരിശോധന നടത്തി.
'ഓപറേഷൻ ട്രൂ ഹൗസ്' എന്ന പേരിൽ സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ നടന്ന പരിശോധനയുടെ ഭാഗമായാണ് വിജിലൻസ് സംഘം ഓഫിസുകളിലെത്തിയത്. ക്രമക്കേടുകൾ കണ്ടെത്തിയതായും തുടർ അന്വേഷണമുണ്ടാവുമെന്നും വിലജിലൻസ് അറിയിച്ചു. പ്ലാൻ നൽകുന്നതിലും കെട്ടിടം ഉണ്ടാക്കുന്നതിലും തമ്മിലുള്ള അന്തരം സംഘം പരിശോധിച്ചു.
നിർമാണം കഴിഞ്ഞ് നമ്പർ കൊടുത്ത ശേഷം കെട്ടിടങ്ങളിൽ വീണ്ടും പെർമിറ്റില്ലാതെ നിർമാണം നടക്കുന്നതായി പരിശോധയിൽ കണ്ടെത്തി. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം നിർമാണമെന്നും തെളിഞ്ഞു. പെർമിറ്റിന് വിരുദ്ധമായി പണിത കെട്ടിടങ്ങൾക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതും പരിശോധിച്ചു. ജില്ല വിജിലൻസിന്റെ വിവിധ ഓഫിസുകളിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്.
വിജിലൻസ് ഡിവൈ.എസ്.പി ഇ. മനോജ് കുമാർ, ഇൻസ് പെക്ടർമാരായ എം. ഉല്ലാസ് കുമാർ, പി.എം. മനോജ്, ജെ.ഇ. ജയൻ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നടത്തി.
അനധികൃത കെട്ടിടങ്ങൾക്ക് കോർപറേഷൻ നമ്പർ നൽകിയ കേസ് അന്വേഷണം ജില്ല ക്രൈം ബ്രാഞ്ച് നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കേസ് വിജിലൻസിന് കൈമാറണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് മേധാവി ഡി.ജി.പിക്ക് നൽകിയ കത്തിൽ തീരുമാനമെടുക്കും വരെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. നേരത്തേ കിട്ടിയ പരാതിയിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട് യൂനിറ്റ് മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.