മരണം കൂടുന്നത് തടയാന്‍ കനത്ത ജാഗ്രത ആവശ്യം –മന്ത്രി
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ മരണനിരക്ക് തടഞ്ഞുനിര്‍ത്തുന്നതില്‍ ആരോഗ്യപ്രവർത്തകർക്കൊപ്പം പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിച്ചതില്‍ കൂടുതലും മറ്റു ഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്നവരാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണനിരക്ക് കൂടാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജനസാന്ദ്രതയും ജീവിതശൈലീ രോഗങ്ങളും പ്രായമേറിയവരും കേരളത്തില്‍ കൂടുതലുണ്ടെന്ന കാരണമാണ് ഇതിന് അടിസ്ഥാനമായി പറയുന്നത്. മരണനിരക്ക് കൂടുന്നത് തടയാന്‍ കനത്ത ജാഗ്രത ആവശ്യമാണ്. മെഡിക്കല്‍ കോളജുകളില്‍ ടെലിമെഡിസിൻ സംവിധാനം ഒരുക്കും.
2019നെ അപേക്ഷിച്ച് കോവിഡ് സാഹചര്യത്തിലും കേരളത്തില്‍ മരണനിരക്ക് കുറവാണ്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്തെ മരണനിരക്ക് പരിശോധിച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
ചികിത്സ സൗകര്യങ്ങളുടെ അഭാവംകൊണ്ട് രോഗികള്‍ മരിക്കാന്‍ ഇടവരരുത്. ആവശ്യമായ വെൻറിലേറ്ററുകള്‍ ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവലോകന യോഗത്തില്‍ ജില്ല കലക്ടര്‍ സാംബശിവ റാവു, സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി ജോ. ഡയറക്ടര്‍ ഡോ. ബിജോയ്, നാഷനല്‍ ഹെല്‍ത്ത് മിഷന് ഡി.പി.എം ഡോ. എ. നവീന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്. രാജേന്ദ്രന്, സൂപ്രണ്ടുമാരായ ഡോ. എം.പി. ശ്രീജയന്‍, ഡോ. സി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.