വിറങ്ങലിച്ച് വിലങ്ങാട്
text_fieldsഉരുൾപൊട്ടലിൽ വിലങ്ങാട് ഉരുട്ടിപാലം ഒലിച്ചുപോയ
നിലയിൽ ചിത്രം ബിമൽ തമ്പി
കോഴിക്കോട്: വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് ഭാഗത്തുണ്ടായ പത്തോളം ഉരുൾപൊട്ടലിൽ കോടിക്കണക്കിന് രൂപയുടെ നാശം. ഒരാളെ കാണാതായി. മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കൽ മാത്യു എന്ന മത്തായിയെയാണ് കാണാതായത്. കുമ്പളച്ചോല എൽ.പി സ്കൂൾ റിട്ട. അധ്യാപകനായ ഇദ്ദേഹത്തിനായി എൻ.ഡി.ആർ.എഫിന്റെയും പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച പുലർച്ച മുതൽ മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനേം, വലിയ പാനോം, പന്നിയേരി, മുച്ചങ്കയം എന്നീ ഭാഗങ്ങളിലാണ് ഉരുൾ പൊട്ടിയത്. മലവെള്ളപ്പാച്ചിലിൽ ഉരുട്ടിപാലം, വിലങ്ങാട് ടൗൺ പാലം, മഞ്ഞച്ചീളിയിലെ രണ്ട് പാലം, മലയങ്ങാട് പാലം എന്നിവക്ക് നാശമുണ്ടായി. പ്രളയത്തിൽ തകർന്ന ഉരുട്ടിപാലം ഒരുവർഷം മുമ്പാണ് പുനർ നിർമിച്ചത്.
വിലങ്ങാട് പുഴയിലെ ശക്തമായ ഒഴുക്ക്
പാലത്തോട് ചേർന്നുള്ള ഭാഗം പൂർണമായും മലവെള്ളപ്പാച്ചിലിൽ പുഴയെടുത്തതോടെ വിലങ്ങാട് മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വാഹനങ്ങളല്ലാതെ മറ്റൊരു വാഹനവും പൊലീസ് കടത്തിവിടുന്നില്ല. ഈ ഭാഗത്തെ റോഡ് പൂർണമായും പുഴയിലേക്കിടിഞ്ഞു. പാനോം ഞ്ഞെച്ചീലി പ്രദേശങ്ങളെ കീറിമുറിച്ചാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
ഉരുട്ടിപാലത്തിന് സമീപം മലവെള്ളപ്പാച്ചിലിൽ കടകൾ തകർന്നനിലയിൽ
ആദ്യം ചെറിയ തോതിലാണ് ഉരുൾ പൊട്ടി മലവെള്ളം കുത്തിയൊലിച്ചത്. പിന്നീട് കൂറ്റൻ മരങ്ങളും വലിയ പാറക്കല്ലുകളുമടക്കം ഒന്നാകെ കുത്തിയൊലിക്കുകയായിരുന്നു. ചെറിയ ഉരുൾപൊട്ടലുണ്ടായതോടെ നാട്ടുകാർ പരസ്പരം ആശയവിനിമയം നടത്തി പെട്ടെന്ന് വീടുകളിൽ നിന്ന് മാറിയതാണ് വലിയ തോതിൽ ആളപായമില്ലാതെ രക്ഷയായത്. പ്രദേശത്ത് 26 വീടുകൾക്കാണ് നാശമുണ്ടായത്.
ഒഴുക്കിൽ മണ്ണിനടിയിലായ ഇരുചക്രവാഹനങ്ങൾ
ഇതിൽ 12 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. ഉരുട്ടി പാലത്തിനു സമീപത്തെ പഴയ പാലം, പെട്രോൾ പമ്പ്, വിലങ്ങാട് പട്ടിക വർഗ സർവിസ് സഹകരണ സംഘം കെട്ടിടം, സമീപത്തെ വീടുകൾ എന്നിവക്കെല്ലാം വലിയ കേടുപാടുണ്ട്. വിലങ്ങാട് പുഴയോരത്ത് താമസിക്കുന്ന വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രമോഹന്റെയടക്കം വീടിനുള്ളിലേക്ക് വലിയ മരങ്ങൾ ഒഴുകിയെത്തി. വീടിന്റെ ഉൾവശവും മുൻവശത്തെ റോഡുമെല്ലാം ചളി നിറഞ്ഞിരിക്കുകയാണ്.
ഉരുൾപൊട്ടലിൽ തകർന്ന ഉരുട്ടി പാലത്തിലൂടെയെത്തുന്ന രക്ഷാപ്രവർത്തകർ
മണ്ണുമാന്തിയന്ത്രം എത്തിച്ച് റോഡിലെ ചളിയും മണ്ണും ഒഴുകിയെത്തിയ മരങ്ങളും നീക്കിയാണ് എൻ.ഡി.ആർ.എഫ്, പൊലീസ് അടക്കമുള്ള രക്ഷാപ്രവർത്തകരെ വിലങ്ങാടേക്ക് എത്തിച്ചത്. മേഖലയിലെ പനയംകൂട്ടം, അടുപ്പിൽ കോളനി നിവാസികളെ മാറ്റിതാമസിപ്പിച്ചു.
വിലങ്ങാട് ഉരുൾപൊട്ടലിൽ ജയകുമാറിന്റെ വീട്ടിലേക്ക് ഇരച്ചെത്തിയ തടിയും മാലിന്യവും
മലവെള്ളപ്പാച്ചിലിൽ തകർന്ന വീടുകളിലെ അലമാര, ഗ്യാസ് സിലിണ്ടർ, അടക്കമുള്ളവ ഒഴുകി ഉരുട്ടി പുഴയോരത്തെത്തി. ഈ ഭാഗത്ത് വലിയതോതിൽ മരങ്ങളും ഒഴുകിയെത്തിയിട്ടുണ്ട്. വിലങ്ങാട് മേഖലയിലെ വൈദ്യുതി ബന്ധവും പൂർണമായും തകരാറിലാണ്. അമ്പതിലേറെ ഇലക്ട്രിക് തൂണുകളാണ് കടപുഴയിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.