വിലാപമൊടുങ്ങാതെ വിലങ്ങാട്
text_fieldsകോഴിക്കോട്: മഴക്കെടുതിയെത്തുടർന്ന് ജില്ലയിലെ നാല് താലൂക്കുകളിൽ ആരംഭിച്ച 80 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 4481 പേർ. കുടുംബങ്ങൾ വീടുകളിലേക്ക് തിരികെ പോയതിനെ തുടർന്ന് പത്ത് ക്യാമ്പുകൾ ഒഴിവാക്കി. താമരശ്ശേരി താലൂക്കിലെ 14 ക്യാമ്പുകളിൽ 296 കുടുംബങ്ങളിൽ നിന്നായി 744 പേരും കൊയിലാണ്ടി താലൂക്കിലെ 13 ക്യാമ്പുകളിൽ 266 കുടുംബങ്ങളിൽ നിന്നായി 731 പേരും വടകര താലൂക്കിലെ 10 ക്യാമ്പുകളിൽ 350 കുടുംബങ്ങളിൽ നിന്നുള്ള 1288 പേരും കോഴിക്കോട് താലൂക്കിലെ 43 ക്യാമ്പുകളിൽ 572 കുടുംബങ്ങളിൽ നിന്നുള്ള 1718 പേരുമാണ് കഴിയുന്നത്.
ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി താലൂക്കിൽ അഞ്ച് വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കുന്നുമ്മൽ രാധയുടെ വീടാണ് പൂർണമായി തകർന്നത്. കൊടുവള്ളി വലിയപറമ്പ് കിഴക്കോത്ത് വില്ലേജിലെ പൊന്നുംതോറമലയില് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മലയുടെ താഴ്ഭാഗത്ത് താമസിക്കുന്ന മുന്നൂറോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റിപ്പാർപ്പിച്ചു. കക്കാട് വില്ലേജ് കാരശ്ശേരി പഞ്ചായത്ത് പറ്റാർച്ചോല, വലിയകുന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുന്നിൻ ചരിവിലും, താഴെയുമുള്ള 16 കുടുംബങ്ങളെ ബന്ധു വീട്ടിലേക്കും നാല് കുടുംബങ്ങളെ ആനയാംകുന്ന് ഗവ. എൽ.പി സ്കൂളിലേക്കും മാറ്റിപ്പാർപ്പിച്ചു.
ഒറ്റപ്പെട്ട് മലയങ്ങാട് മല
വിലങ്ങാട്: ഉരുൾപൊട്ടലിൽ പാലം തകർന്ന് ഒറ്റപ്പെട്ട് മലയങ്ങാട് മലയിലെ കുടുംബങ്ങൾ. 12 കുടുംബങ്ങളാണ് പുറംലോകത്തെത്താനുള്ള പാലം തകർന്ന് ദുരിതത്തിലായത്. പന്നിയേരി, കുറ്റല്ലൂരിലുണ്ടായ ഉരുൾപൊട്ടലിലാണ് മലയങ്ങാട് നാശം വിതച്ചത്. അഞ്ചുവീടുകളാണ് ഇവിടെ പൂർണമായും തകർന്നത്. വീടുകൾക്കുസമീപത്തെ അംഗൻവാടിയും ഉരുളെടുത്തു. ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ട് ഇവിടത്തെ 45 പേർ നാഗത്തിങ്കൽ ബാബുവിന്റെ വീട്ടിൽ അഭയം തേടി രക്ഷപ്പെടുകയായിരുന്നു. വീടുകളിൽ ചളിയും മണ്ണും കയറി നശിച്ചു.
കൂടരഞ്ഞി; ജില്ലയിലെ പ്രധാന ഉരുൾപൊട്ടൽ മേഖല
തിരുവമ്പാടി: കൂടരഞ്ഞി വില്ലേജ് ജില്ലയിലെ പ്രധാന ഉരുൾപൊട്ടൽ സാധ്യത മേഖലകളിലൊന്ന്. വില്ലേജിലെ കൽപ്പിനി, ആനയോട്, കൂമ്പാറ, ആനക്കല്ലുംപാറ, പുന്ന കടവ്, ഉദയഗിരി, കക്കാടംപൊയിൽ പ്രദേശങ്ങളാണ് അതീവ പരിസ്ഥിതി ലോല മേഖലകൾ. കൽപ്പിനി, ആനയോട്, കൂമ്പാറ ആനകല്ലുംപാറ, കക്കാടംപൊയിൽ പ്രദേശങ്ങളിൽ 2018 ൽ ഉരുൾപൊട്ടിയ പ്രദേശങ്ങളാണ്. കൽപ്പിനി ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചിരുന്നു. 2018 ജൂണിൽ മണ്ണിടിച്ചിലിനെ തുടർന്ന് കക്കാടംപൊയിൽ പി.വി. അൻവർ എം.എൽ.എ യുടെ ഉടമസ്ഥതതയിലുള്ള വാട്ടർ തീം പാർക്ക് അധികൃതർ അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ വർഷമാണ് പാർക്കിന്റെ ഭാഗമായ കുട്ടികളുടെ പാർക്ക് തുറക്കാൻ ഹൈകോടതി അനുമതി നൽകിയത്. തിരുവമ്പാടി വില്ലേജിലെ പുല്ലൂരാംപാറ, കൊടക്കാട്ടുപാറ, ആനക്കാംപൊയിൽ, മുത്തപ്പൻ പുഴ പ്രദേശങ്ങൾ നേരത്തെ ഉരുൾപൊട്ടിയ സ്ഥലങ്ങളാണ്.
2012 ആഗസ്റ്റ് ആറിനുണ്ടായ പുല്ലൂരാംപാറ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ എട്ടുപേരാണ് മരിച്ചത്. പുല്ലൂരാ പാറയിൽ ആറുപേരും മഞ്ഞു വയലിൽ രണ്ടുപേരുമാണ് മരിച്ചത്. പുല്ലൂരാംപാറയിലും കൊടക്കാട്ടുപാറയിലുമായി 24 കുടുംബങ്ങൾക്ക് ദുരന്തത്തിൽ വീടുകൾ നഷ്ടമായിരുന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കണ്ടപ്പൻ കുണ്ട്, മരുതിലാവ് പ്രദേശങ്ങൾ ഉരുൾ പൊട്ടൽ സാധ്യത മേഖലയാണ്. പ്രകൃതി ദുരന്ത സാധ്യതയുള്ള കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കരിങ്കൽ ഖനനത്തിന് നിയന്ത്രണങ്ങളില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.