വിലങ്ങാട് 56 വീടുകൾ വാസയോഗ്യമല്ലാത്തത്; പുനരുദ്ധാരണത്തിന് നടപടി തുടങ്ങി
text_fieldsവിലങ്ങാട്: ഉരുൾപൊട്ടലിൽ നാശം വിതച്ച വിലങ്ങാട് പുനരുദ്ധാരണത്തിന് നടപടി തുടങ്ങി. വാസ യോഗ്യമല്ലാത്തത് 56 വീടുകൾ. നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആർ.ഡി.ഒ പി. അൻവർ സാദത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ ഉരുൾപൊട്ടൽ നടന്ന മേഖലകൾ സന്ദർശിച്ച് വിവരം ശേഖരിച്ചു. പാനോം, മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, ആനക്കുഴി എന്നിവിടങ്ങളിലുള്ള വീടുകളാണ് വാസ യോഗ്യമല്ലാതായത്.
പ്രധാനപാതയായ കൊളങ്ങരത്ത്-വാളുക്ക്-വിലങ്ങാട് റോഡ്, കരുകുളം-വിലങ്ങാട്-പാനോം-പുല്ലുവ റോഡ് മലയോര ഹൈവേയുടെ ഭാഗമായി കെ.ആർ.എഫ്.ബിയുടെ കൈവശമാണുള്ളത്. ഈ ഭാഗത്താണ് നാശനഷ്ടം കൂടുതലുണ്ടായത്. പൊതുമരാമത്ത്, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി വിവരം ശേഖരിച്ചു.രണ്ടുകോടി രൂപയുടെ നാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. പുനർ നിർമാണത്തിന് അഞ്ചുകോടിയിൽ പരം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കി വരുന്നത്. ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള പാലങ്ങളുടെയും റോഡുകളുടെയും വിവരങ്ങൾ എൽ.എസ്.ജി.ഡി നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ആർ. മുരളിയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചു.
വിലങ്ങാട് ടൗൺ മുതൽ മുച്ചങ്കയം പാലംവരെയുളള തകർന്ന് കിടക്കുന്ന കലുങ്കുകൾ മാറ്റി പണിയേണ്ടതുണ്ട്. ഉരുളിൽ ഇടിഞ്ഞ് താണ ഭാഗങ്ങൾ അപകട ഭീഷണി ഉയർത്തുന്നതിനാൽ സംരക്ഷണ ഭിത്തിയും ഒരുക്കേണ്ടതുണ്ട്. മലയങ്ങാട് തകർന്ന പാലവും വീടുകൾ ഉൾപ്പെടെ പുതുക്കിപ്പണിയണം. ഉരുൾപൊട്ടൽ മേഖലയിൽ മൈനിങ് ജിയോളജി വകുപ്പ് പഠനം ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത സംബന്ധിച്ച് വിവരങ്ങൾ അധികൃതർ ശേഖരിച്ച് വരികയാണ്. റവന്യു കൃഷി വകുപ്പുകളുടെ നേതൃത്വത്തിൽ അദാലത് ക്യാമ്പുകളിലൂടെ വിവരം ശേഖരിച്ച് വരികയാണ്. ചൊവ്വാഴ്ച മേഖലയിൽ മഴക്ക് ശമനമുണ്ടായതിനാൽ ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ ദുരിത ബാധിത സ്ഥലങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞു.
പലയിടങ്ങളിലും നാട്ടുകാർ ദുരിത വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറി. ബുധനാഴ്ച കലക്ടറേറ്റിൽ ഇത് സംബന്ധിച്ച് നടക്കുന്ന അവലോകന യോഗത്തിൽ നാശ നഷ്ടം സംബന്ധിച്ച് വിവരങ്ങൾ വിശകലനം ചെയ്യും. 11ന് മന്ത്രി തലത്തിൽ നടക്കുന്ന യോഗത്തിൽ പുനരധിവാസം ഉൾപ്പെടെ ചർച്ച ചെയ്ത് തീരുമാനമെടുക്കും. എക്സിക്യൂട്ടിവ് എൻജിനീയർ നീബ, ഗ്രേഷ്യസ്, ജില്ല പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർ എൻ.സിന്ധു, പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ നിധിൻ ലക്ഷ്മണൻ, എക്സിക്യൂട്ടിവ് എൻജിനീയർ, സി.ബി. നളിൻ കുമാർ, ഓവർസിയർ ഇ.പി. ശരണ്യ േബ്ലാക്ക് പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ടി.പി. അനി, വാണിമേൽ പഞ്ചായത്ത് എ.ഇ.സി വി. രേവതി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.