വിലങ്ങാട് ഉരുൾപൊട്ടൽ: രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക അദാലത്
text_fieldsകോഴിക്കോട്: വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക അദാലത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിക്കാൻ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ല ഐ.ടി മിഷനാണ് അദാലതിന് നേതൃത്വം നൽകുക. എല്ലാ വകുപ്പുകളും പങ്കെടുക്കുന്ന അദാലത്തിൽ നഷ്ടപ്പെട്ട രേഖകൾക്ക് പകരം നൽകാൻ സംവിധാനമുണ്ടാക്കും. ഉരുൾപൊട്ടലിൽ വിവിധ മേഖലകളിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ വിശദ റിപ്പോർട്ട് എല്ലാ വകുപ്പുകളും ജില്ല കലക്ടർക്ക് കൈമാറും. ഇതിനുപുറമേ വിലങ്ങാടിന്റെ സമീപ പഞ്ചായത്തുകളിലും ഉരുൾപൊട്ടൽ കാരണം സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കെടുക്കും.
ഒഴുകിപ്പോയ വീടുകൾ, പൂർണമായി തകർന്ന വീടുകൾ, ഭാഗികമായി തകർന്നവ, വാസയോഗ്യമല്ലാത്തവ, തകർന്ന റോഡുകൾ, പാലങ്ങൾ, കൾവെർട്ടുകൾ, കെട്ടിടങ്ങൾ, കൃഷി നാശം, തകർന്ന ട്രാൻസ്ഫോമറുകൾ, വൈദ്യുതി പോസ്റ്റുകൾ, വൈദ്യുതി ലൈനുകൾ, കുടിവെള്ളവിതരണ പൈപ്പുകൾ, ആദിവാസികളുടെ സഹകരണ സൊസൈറ്റി അടക്കമുള്ള ഉപജീവനമാർഗങ്ങൾ, മൃഗങ്ങളുടെ നാശം, റേഷൻ കടകൾ, റേഷൻ കടകളിൽ സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെയെല്ലാം നഷ്ടത്തിന്റെ വിശദമായ കണക്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.