വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ
text_fieldsകോഴിക്കോട്: ചൊവ്വാഴ്ച ഉരുൾപൊട്ടലുണ്ടായ വടകര താലൂക്കിലെ വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച രാവിലെ ജില്ലയില്‍ മഴ കുറവായിരുന്നുവെങ്കിലും 12 മണിയോടെ മഴ ശക്തമായി. പുനൂര്‍ പുഴ ഒഴികെയുള്ള പുഴകളില്‍ ജലനിരപ്പ് കുറഞ്ഞുവരുന്നുണ്ട്. പൂനൂര് പുഴയില്‍ ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് വേങ്ങേരി, കണ്ണാടിക്കല്‍ ഭാഗങ്ങളിലെ പുഴത്തീരത്തുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. കാരശ്ശേരി പഞ്ചായത്ത്, കുമാരനല്ലൂർ വില്ലേജ് പാറത്തോട് കുരിശുപള്ളിക്ക് സമീപം, പുത്തരിപൊയിൽ പന്നിമുക്ക് തോട്ടിൽ 60 വയസ്സ് തോന്നിക്കുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മുക്കം പൊലീസ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
നഗരത്തിൽ അത്താണിക്കൽ ബീച്ച്, ശാന്തി നഗർ മേഖലയിൽ കടലാക്രമണമുണ്ടായി. ബുധനാഴ്ച രാവിലെ വേലിയേറ്റ സമയത്താണ് കടൽ പ്രക്ഷുബ്ധമായതോടെയാണ് തീരവാസികൾ ഭീതിയിലായത്. ഇവിടെ കടൽ ഭിത്തി അമർന്ന് പോയതാണ് പ്രശ്നം. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ മാത്യുവിനായി തിരച്ചില്‍ തുടരുകയാണ്. കോട്ടൂളി വില്ലേജിലെ ഇ. ജിഷ്ണു വയനാട് ചൂരല്‍മലയിലെ ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലേക്ക് ജോലിക്ക് പോയിരുന്നു. ഉരുള്‍പൊട്ടലിനു ശേഷം ഇയാളെക്കുറിച്ച് വിവരമില്ല.
ബുധനാഴ്ച രാവിലെ പൂളക്കോട് വില്ലേജില്‍ നായര്‍കുഴി ഏഴിമല റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പന്തലായനി വില്ലേജ് കുന്നിയോര മലയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റി. ദുരിതാശ്വാസ സാമഗ്രികളുമായി എട്ട് ട്രക്കുകള്‍ കലക്ടറേറ്റില്‍ നിന്ന് വയനാട്ടിലേക്ക് യാത്ര തിരിച്ചു.
വിലങ്ങാട് ടൗൺ പ്രവർത്തന യോഗ്യമാക്കാൻ തീവ്രശ്രമം
നാദാപുരം: ഉരുൾപൊട്ടലിൽ കല്ലും മണ്ണും ചളിയും ഒലിച്ചെത്തി അവതാളത്തിലായ വിലങ്ങാട് ടൗണും പരിസരവും പ്രവർത്തനസജ്ജമാക്കാനുള്ള ഊർജിത ശ്രമത്തിൽ വ്യാപാരികളും സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. വിലങ്ങാട് ടൗണിനെ നാമാവശേഷമാക്കിയാണ് പ്രളയജലം കടന്നു പോയത്. ടൗണിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, സൊസൈറ്റികൾ ഉൾപ്പെടെയുള്ളവക്കാണ് കനത്ത നാശം സംഭവിച്ചത്. പല കെട്ടിടങ്ങളും അപകട ഭീഷണിയിലാണ്. നിരവധി വ്യാപാര സ്ഥാപനങ്ങൾക്കുള്ളിലും പുഴ വെള്ളം ഇരച്ചുകയറിയത് വൻ നഷ്ടത്തിനിടയാക്കി.
കഴിഞ്ഞ ദിവസം പുഴയിലെ കുത്തൊഴുക്ക് കാരണം സ്ഥാപനങ്ങളൊന്നും തുറക്കാൻ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച രാവിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നപ്പോഴാണ് നാശത്തിന്റെ വ്യാപ്തി വ്യക്തമായത്. അടിഞ്ഞുകൂടിയ ചളിയും മണ്ണും നീക്കുന്ന ജോലിയാണ് ഇന്നലെ നടന്നത്. കുത്തൊഴുക്കിൽ വിലങ്ങാട് ടൗൺ ഇരുകരകളായി മാറിയിരുന്നു. തകർന്ന ഭാഗത്ത് പാറക്കല്ലുകൾ പതിച്ച് വെള്ളമൊഴുക്ക് തടഞ്ഞ് കാൽനടയാത്രക്ക് ഉപയോഗിക്കാൻ പാകത്തിലാക്കുകയായിരുന്നു. പാലത്തിലും റോഡിലും തങ്ങിക്കിടന്ന കൂറ്റൻ മരങ്ങളും അവശിഷ്ടങ്ങളും നീക്കുന്ന ജോലിയും ഇന്നലെ നടന്നു. വെള്ളം താഴ്ന്നതോടെ മറുകരയിൽ പ്രവർത്തിക്കുന്ന ബൈക്ക് റിപ്പയർ ശാല തുറന്നു പരിശോധിച്ചു. ഇവിടെ നിരവധി ബൈക്കുകൾ മണ്ണിൽ പുതഞ്ഞ നിലയിലാണ് കാണപ്പെട്ടത്.
കലക്ടർ, എം.എൽ.എ ഉൾപ്പെടെയുള്ളവർ കുടുങ്ങി
വിലങ്ങാട്: അടിച്ചിപ്പാറയിൽ വീണ്ടുമുണ്ടായ ഉരുൾപൊട്ടലിൽ സ്ഥലം സന്ദർശിക്കുന്നതിനിടെ കലക്ടറും എം.എൽ.എയും ഉൾപെടെയുള്ളവർ കുടുങ്ങി. നേരത്തെ ഉരുൾ ഒഴുകിയിറങ്ങിയ ഭാഗത്ത് കൂടെ ബുധനാഴ്ച വൈകീട്ട് 5.45 ഓടെയാണ് വീണ്ടും ഉരുൾപൊട്ടിയൊലിച്ചത്. ഈ സമയത്ത് പാനോത്ത് മറുകരയിൽ ജില്ല കലക്ടർ, ഇ.കെ. വിജയൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉൾപെടെയുള്ളവർ സ്ഥലം സന്ദർശിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ഉരുൾപൊട്ടിയ ഭാഗത്ത് കൂടി വെള്ളവും കല്ലും കുത്തിയൊലിക്കുകയുണ്ടായി. ഇതോടെ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഒരു മണിക്കൂറിന് ശേഷം രക്ഷാ പ്രവർത്തകരുടെ സഹായത്തോടെ ഇവരെ പുറത്തെത്തിച്ചു.
രണ്ടാം ദിവസവും വിലങ്ങാട് മേഖല കൂരിരുട്ടിൽ
നാദാപുരം: ഉരുൾപൊട്ടലിൽ തകർന്ന വൈദ്യുതി സംവിധാനം പുനഃസ്ഥാപിക്കാൻ തീവ്രശ്രമം ആരംഭിച്ചെങ്കിലും പൂർണമായില്ല. അഞ്ച് കിലോമീറ്ററോളം ദൂരത്തിൽ ഉരുട്ടി മുതൽ വലിയ പാനോം വരെയുള്ള വൈദ്യുതി വിതരണ ശൃംഖലയാണ് ശക്തമായ മലവെള്ളപ്പാച്ചിലിൽ തകർന്നടിഞ്ഞത്. ഇതോടൊപ്പം ഉൾപ്രദേശങ്ങളിലും നിരവധി വൈദ്യുതി ലൈനുകൾ പൊട്ടിവീണ നിലയിലാണ്. ഇവ മാറ്റി സ്ഥാപിക്കാൻ വൈദ്യുതി ജീവനക്കാർ കഠിന പ്രയത്നം ആരംഭിച്ചെങ്കിലും മുഴുവൻ സ്ഥലത്തും പുതിയ തൂണുകളും ലൈനുകളും സ്ഥാപിക്കേണ്ട അവസ്ഥയായതിനാൽ ഏറെ സമയമെടുക്കും. വൈദ്യുതിപോലും ഇല്ലാതെ നിലക്കാതെ പെയ്യുന്ന പേമാരിയിൽ നാട്ടുകാർ ഏറെ ഭീതിയിലാണ് കഴിയുന്നത്. പ്രധാന ലൈനിലെ തകരാർ പരിഹരിക്കാനുള്ള ശ്രമത്തിനാണ് മുൻഗണന നൽകുന്നത്. വൈദ്യുതി ഇല്ലാത്തത് കാരണം ദുരിതാശ്വാസകേന്ദ്രങ്ങൾ ജനറേറ്ററിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ മഴക്കെടുതി വിവരങ്ങള്‍
● ബാധിച്ച വില്ലേജുകള്‍- 84
● ഭാഗികമായി തകര്‍ന്ന വീടുകള്‍- 47
ദുരിതാശ്വാസ ക്യാമ്പുകള്‍- 121
(1514 കുടുംബങ്ങള്‍, 4730 പേര്)
● കോഴിക്കോട് താലൂക്ക് - 72 (701 കുടുംബങ്ങള്‍, 2176 പേര്)
● വടകര താലൂക്ക്- 18 (330 കുടുംബങ്ങള്‍, 1135 പേര്)
● താമരശ്ശേരി താലൂക്ക്- 18 (263 കുടുംബങ്ങള്‍, 772 പേര്)
● കൊയിലാണ്ടി താലൂക്ക് - 13 (220 കുടുംബങ്ങള്‍, 647 പേര്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.