വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷിനാശം സംഭവിച്ചവർക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കും -മന്ത്രി
text_fieldsനാദാപുരം: വിലങ്ങാട് ഉരുൾപൊട്ടൽ മൂലം സംഭവിച്ച കാർഷിക നാശനഷ്ടങ്ങൾ വിലയിരുത്തി അർഹമായ ആനുകൂല്യങ്ങൾ കർഷകർക്ക് ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ സ്ഥലം സന്ദർശിച്ചതിനുശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനും, കൃഷിനാശം ഉണ്ടായ കർഷകർക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കുന്നതിനും ക്രിയാത്മകമായി സർക്കാർ ഇടപെടും. ഇത് കൂടിയാലോചിക്കുന്നതിനായി പതിമൂന്നാം തീയതി ഉന്നതതല യോഗം വിളിച്ചു ചേർക്കും. ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിലെ കൃഷിനാശം കൃത്യമായി വിലയിരുത്തി അതിന് അടിസ്ഥാനമാക്കിയായിരിക്കും കൃഷിനാശത്തിന് അർഹമായ ആനുകൂല്യം കൃഷിക്കാർക്ക് ലഭ്യമാക്കുക. ഇതിനുള്ള പ്രവർത്തനങ്ങൾ കൃഷിവകുപ്പ് ആരംഭിച്ചു കഴിഞ്ഞു. രണ്ടു ദിവസത്തിനകം റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇതിന്റെ റിപ്പോർട്ട് തയാറാക്കി ജില്ല അധികൃതർക്ക് കൈമാറും. എത്രയും പെട്ടെന്നുതന്നെ കൃഷിക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇ.കെ. വിജയൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, രജീന്ദ്രൻ കപ്പള്ളി, എം.ടി. ബാലൻ, ജലീൽ ചാലക്കണ്ടി എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അവലോകന യോഗം ചേർന്നു
നാദാപുരം: വിലങ്ങാട് ദുരന്തബാധിത പ്രദേശ ങ്ങൾ സന്ദർശിച്ചതിന് ശേഷം കൃഷിമന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ വിലങ്ങാട് സെന്റ് ജോർജ് സ്കൂളിൽ അവലോകന യോഗം ചേർന്നു.
കൃഷി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ദുരന്തത്തിൽ നാശനഷ്ടം നേരിട്ടവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ആഗസ്റ്റ് മാസം മുപ്പതാം തീയതി വരെ അപേക്ഷ സമർപ്പിക്കാം. കൃഷിനാശം ഉണ്ടായ ഏരിയകളിൽ പരിശോധന നടത്തിയതിനുശേഷം കൃഷിനാശത്തിന്റെ അളവ് തിട്ടപ്പെടുത്തി കർഷകർക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കും. അപേക്ഷ സമർപ്പിക്കുമ്പോൾ അതിനോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ കാര്യത്തിൽ കർഷകരെ സഹായിക്കുന്ന നിലപാടായിരിക്കും സർക്കാർ കൈക്കൊള്ളുകയെന്ന് മന്ത്രി പറഞ്ഞു.
അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകളിൽ സാധ്യമായ ഇളവുകൾ സർക്കാർ നൽകും. ഉരുൾപൊട്ടൽ മൂലം കൃഷി നാശം സംഭവിച്ച ഭൂമി കൃഷിയോഗ്യമാക്കി എടുക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നതിനായി ആവശ്യമായ പരിശോധനകൾ നടത്താൻ കൃഷി, റവന്യൂ വകുപ്പുകളെ ചുമതലപ്പെടുത്തി.
വിലങ്ങാട് ഉരുൾപൊട്ടലിൽ അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും ജനങ്ങളിൽ നിന്ന് അപേക്ഷകൾ കൂടി സ്വീകരിച്ച് നഷ്ടം കണക്കാക്കിയ ശേഷം പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. ഇതിനായി നാലു പേരടങ്ങുന്ന വിദഗ്ധ സംഘം ഒരാഴ്ചക്കകം വിലങ്ങാടെത്തി പഠനം നടത്തും.
നഷ്ടങ്ങളുടെ കണക്കെടുത്ത് രണ്ട് ദിവസത്തിനകം റവന്യൂ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ജില്ല കലക്ടർക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.