വിലങ്ങാട് ഉരുൾ ദുരന്തം: മാസം പിന്നിടുന്നു; പുനരധിവാസം എങ്ങുമെത്തിയില്ല
text_fieldsവിലങ്ങാട്: വിലങ്ങാട് ഉരുൾ ദുരന്തം ഒരു മാസം പിന്നിടുമ്പോൾ ദുരിത ബാധിതർ ദുരിതക്കയത്തിൽ, പുനരധിവാസം എങ്ങുമെത്തിയില്ല. സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ പോലും കുടുംബങ്ങൾക്ക് ലിഭിച്ചില്ല. കഴിഞ്ഞ മാസം 29 നാണ് ഒരു നാടിനെയാകെ ഉരുൾവാരിയെടുത്തത്. കുടിയേറ്റ മേഖലയെ കണ്ണീരിലാഴ്ത്തി ഒരായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ സർവവുമാണ് ഉരുൾ ദുരന്തത്തിൽ നശിച്ചത്.
ഉരുൾനാശം വിതച്ച നാൾ മുതൽ വിലങ്ങാടൻ മലനിരകളിൽ സർക്കാർ സംവിധാനങ്ങളുടെ ഓട്ട പ്രദക്ഷിണമായിരുന്നു. ജൂലൈ 30ന് തുടങ്ങിയ കണക്കെടുപ്പും സന്ദർശനവും ഇന്നലെ വരെ തുടർന്നെങ്കിലും ദുരിത ബാധിതർക്ക് ഒരു സഹായവും ലഭ്യമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മലയോരത്ത് അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ സംബന്ധിച്ച് അവ്യക്തത നിലനിൽക്കുകയാണ്.
122 സ്ഥലങ്ങളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. മലനിരകളുടെ പല ഭാഗങ്ങളും ഇടിഞ്ഞ് തൂങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. രണ്ടുമാസത്തെ സൗജന്യ റേഷനാണ് ദുരിത ബാധിതർക്ക് സർക്കാർ ആദ്യം പ്രഖ്യാപിച്ചത്. ഒരു മാസം തികഞ്ഞിട്ടും സൗജന്യ റേഷൻ നൽകിയിട്ടില്ല. ഉരുൾനാശം വിതച്ച രണ്ട് വാർഡുകളിലെ കുടുംബങ്ങൾക്കാണ് സൗജന്യ റേഷൻ പ്രഖ്യാപിച്ചത്.
റേഷൻ വാങ്ങാൻ കടയിലെത്തിയവർക്ക് നിരാശയായിരുന്നു ഫലം. റേഷൻ നൽകേണ്ടവരുടെ ലിസ്റ്റ് ലഭിച്ചില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. 313 വീടുകൾ വാസയോഗ്യമല്ലെന്നാണ് വിദഗ്ധ സമിതി സർക്കാറിന് നൽകിയ റിപ്പോർട്ട്. 25 വീടുകൾ പൂർണമായും നശിച്ചു. 52 വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. വീടുകൾ നഷ്ടപ്പെട്ട് വഴിയാധാരമായവർക്ക് പൂർണമായും വാടക വീടുകൾ ലഭ്യമായിട്ടില്ല.വാടക വീടുകളുടെ വാടക സംബന്ധിച്ച് വ്യക്തത ലഭിക്കാത്തതും വീടുകളുടെ ലഭ്യതയും പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ മലവെള്ളം ഒലിച്ചിറങ്ങിയത് മേഖലയെ വീണ്ടും ഭീതിയുടെ നിഴലിലാക്കി. സ്കൂൾ തുറന്നതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർ തകർച്ച ഭീഷണിയിലായ വീടുകളിലേക്ക് തിരിച്ച് പോയിരുന്നു. വീണ്ടും ദുരന്തത്തിന്റ കാർമേഘം ഉരുണ്ടുകൂടിയതോടെ ഇവർ വീട് വിട്ട് ഓടുകയായിരുന്നു. വീടുകളിലേക്ക് തിരിച്ചെത്തിയവർക്ക് താൽക്കാലിക ആശ്വാസമായി ധനസഹായം സർക്കാർ നൽകാത്തതിനാൽ പലരുടെയും സ്ഥിതി ദയനീയമാണ്.റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണവും കടലാസിലാണ്. കാർഷിക മേഖലയായ വിലങ്ങാട് മലഞ്ചരക്ക് വ്യാപാര മേഖലയും പ്രതിസന്ധിയിലാണ്.
കർഷകരുടെ ഉൽപന്നങ്ങൾ കടകളിലെത്തുന്നത് പരിമിതമാണ്. കൃഷിഭൂമി ഉരുളെടുത്തതും കാർഷിക ഉൽപന്നങ്ങൾ കർഷകർക്ക് വേണ്ട രീതിയിൽ പരിപാലിക്കാൻ കഴിയാതെ വരുന്നതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. സർക്കാർ സഹായം മുറപോലെയെന്ന ചൊല്ലിനൊപ്പം പോകേണ്ട ഗതികേടിലാണ് ദുരിത ബാധിതർ. യുദ്ധകാലാടിസ്ഥാനത്തിലുള്ള പുനർനിർമിതി മലയോര മേഖലയുടെ ഉയർത്തെഴുനേൽപ്പിന് അന്ത്യന്താപേക്ഷിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.