അപകടാവസ്ഥയിലായ വില്യാപ്പള്ളി പഞ്ചായത്ത് കെട്ടിട സമുച്ചയം പൊളിച്ചുമാറ്റാൻ ഉത്തരവ്
text_fieldsവില്യാപ്പള്ളി: വില്യാപ്പള്ളി പഞ്ചായത്ത് ഉടമസ്ഥതയിലുള്ള അപകടാവസ്ഥയിലായ വില്യാപ്പള്ളി ടൗണിലെ പഴയ വ്യാപാര കെട്ടിട സമുച്ചയം പൊളിച്ചുനീക്കാൻ ഹൈകോടതി ഉത്തരവ് ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
50 വർഷത്തോളം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലും പൊതുജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന സാഹചര്യത്തിലാണ് പൊളിച്ചുമാറ്റാൻ ഭരണസമിതി തീരുമാനിച്ചത്. 2018 കാലത്ത് കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. തുടർന്നാണ് വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയത്. കെട്ടിടത്തിന് അപകടാവസ്ഥയില്ലല്ലെന്ന് കാണിച്ച് കച്ചവടക്കാർ ഒഴിഞ്ഞുമാറുകയായിരുന്നു.
തുടർന്ന് വ്യാപാരികൾ പഞ്ചായത്ത് നടപടിക്കെതിരെ കേസ് നൽകി. 2022 സെപ്റ്റംബറിൽ കെട്ടിടത്തിന്റ ജനൽ അടർന്നുവീഴുകയും തിരക്കേറിയ അങ്ങാടിയിൽ വൻ ദുരന്തം ഒഴിവാകുകയുമായിരുന്നു. ദുരന്തനിവാരണ നിയമപ്രകാരം കച്ചവടക്കാർക്ക് പഞ്ചായത്ത് ഒഴിയൽ നോട്ടീസ് നൽകിയെങ്കിലും കച്ചവടക്കാർ ഹൈകോടതിയിൽനിന്ന് സ്റ്റേ ഓർഡർ സമ്പാദിക്കുകയായിരുന്നു. പി.ഡബ്ല്യു.ഡി എൻജിനീയറുടെ കെട്ടിടം സുരക്ഷിതമല്ലെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിന് അനുകൂലമായ വിധിയുണ്ടായി. 2023 മേയ് 13നുള്ളിൽ കച്ചവടക്കാരെ ഒഴിപ്പിക്കാനും ഉത്തരവായി. എന്നാൽ കച്ചവടക്കാർ വീണ്ടും സ്റ്റേ വാങ്ങിക്കുകയായിരുന്നു.
തുടർന്ന് നിഷ്പക്ഷ ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് എൻ.ഐ.ടിയെ അന്വേഷിക്കാൻ ഹൈകോടതി ചുമതലപ്പെടുത്തി. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവായത്.
വില്യാപ്പള്ളി ടൗണിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കെട്ടിടം പൊളിച്ചു മാറ്റുന്നതിനും പുതിയ കെട്ടിടത്തിന് ഡി.പി.ആർ തയാറാക്കാനും പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. വാർത്ത സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, കെ. ഗോപാലൻ, കെ.കെ. സിമി, വി. മുരളി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.