സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ; പിങ്ക് ബോക്സുമായി നാദാപുരം പഞ്ചായത്ത്
text_fieldsനാദാപുരം: സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയുന്നതിന് പരാതിപ്പെട്ടികളുമായി ഗ്രാമപഞ്ചായത്ത്. അംഗൻവാടികൾ കേന്ദ്രീകരിച്ച് പിങ്ക് ബോക്സ് പരാതിപ്പെട്ടികൾ സ്ഥാപിക്കും. നാദാപുരത്ത് 22 വാർഡുകളിലെയും ഓരോ അംഗൻവാടിയിലാണ് പിങ്ക് ബോക്സ് സ്ഥാപിക്കുക. നാദാപുരത്ത് അടുത്തിടെ പോക്സോ കേസ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പിങ്ക് ബോക്സ് പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നത്.
വനിതകൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പഞ്ചായത്തിൽ വിമൻസ് ഫെസിലിറ്റേറ്റർ പ്രവർത്തിക്കുന്നുണ്ട്.
ജാഗ്രത സമിതി ശക്തിപ്പെടുത്തി പിങ്ക് ബോക്സിൽ ലഭിക്കുന്ന പരാതികളിൽ ഉടൻ നടപടിയുണ്ടാകും. പഞ്ചായത്ത് പ്രസിഡന്റ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ, വനിത അഭിഭാഷക, പൊലീസ് എന്നിവരുടെ സാന്നിധ്യത്തിൽ പരാതിപ്പെട്ടി തുറക്കുകയും തുടർനടപടി ജാഗ്രത സമിതി മുഖേന സ്വീകരിക്കുകയും ചെയ്യും.
പരാതിപ്പെട്ടികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി നിർവഹിച്ചു. ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബോക്സുകൾ സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫിസിലും ബോക്സ് സ്ഥാപിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ വി. ശാലിനി, മെംബർ റീന കിണംബ്രമ്മൽ, വിമൻസ് ഫെസിലിറ്റേറ്റർ പ്രിൻസിയ ബാനു ബീഗം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.