ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ അക്രമം; പൊലീസ് കാഴ്ചക്കാരായതിൽ സേനയിൽ വിവാദം
text_fieldsകോഴിക്കോട്: ചേവായൂർ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമ പരമ്പരയിൽ കാഴ്ചക്കാരായതുമായി ബന്ധപ്പെട്ട് പൊലീസിനുള്ളിൽ വിവാദം പുകയുന്നു. തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് -സി.പി.എം സംഘർഷമുണ്ടാവുകയും സ്ത്രീകളടക്കം നൂറുകണക്കിനാളുകളെ വോട്ടുരേഖപ്പെടുത്താൻ അനുവദിക്കാതെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തിട്ടും പൊലീസ് ഒന്നും ചെയ്യാതെ കൈയും കെട്ടി നോക്കിനിൽക്കേണ്ടി വന്നതിനെ ചൊല്ലിയാണ് സേനയിൽ വിവാദം പുകയുന്നത്. പൊലീസ് സി.പി.എമ്മിന് ഒത്താശചെയ്യുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് ഒരുവിഭാഗം കുറ്റപ്പെടുത്തുന്നത്.
അതിനിടെ അസി. കമീഷണറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് തെരഞ്ഞെടുപ്പിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു.
ക്രമസമാധാന ചുമതലക്ക് നിയോഗിക്കപ്പെട്ടിട്ടും അക്രമം തടയാൻ സാധിക്കാത്തതിൽ ഇൻസ്പെക്ടർ അസി. കമീഷണറോട് അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചത്. ഈ ഇൻസ്പെക്ടറോട് സി.പി.എം നേതാക്കളിൽ ചിലർ തർക്കമുണ്ടാക്കുകയും ചെയ്തിരുന്നു.
ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളുണ്ടാകുമെന്ന് നേരത്തേ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വോട്ടെടുപ്പ് കേന്ദ്രമായ പറയഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിലും പരിസരങ്ങളിലുമായി 250 പൊലീസുകാരെയായിരുന്നു വിന്യസിച്ചത്. നാല് അസി. കമീഷണർമാർ, 13 ഇൻസ്പക്ടർമാർ, പ്രിൻസിപ്പൽ, അഡീഷനൽ എസ്.ഐമാരുൾപ്പെടെ 40 പേരുമുണ്ടായിരുന്നു.
എന്നിട്ടും അക്രമം തടയാൻ കഴിഞ്ഞില്ലെന്നത് സേനക്കാകെ നാണക്കേടുണ്ടാക്കിയെന്നും സേനയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. സി.പി.എം പ്രവർത്തകരുടെ ഭീഷണിയെതുടർന്ന് വോട്ടുരേഖപ്പെടുത്താൻ കഴിയാഞ്ഞ വീട്ടമ്മമാർ അടക്കമുള്ളവരും വയോധികരും സഹായവും സുരക്ഷയും അഭ്യർഥിച്ചിട്ടും പൊലീസ് പുറംതിരിഞ്ഞുനിന്നതടക്കമാണ് പൊതുജനങ്ങൾക്കിടയിൽ സേനയെ പരിഹാസ്യരാക്കിയത്.
അതേസമയം, പൊലീസിന്റെ നടപടി ശരിവെക്കും വിധത്തിലാണ് സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പിനിടെ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നത് കൂടുതൽ സംഘർഷത്തിനിടയാക്കുമായിരുന്നുവെന്നും ജലപീരങ്കിയോ കണ്ണീർവാതകമോ ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
ഇക്കാരണത്താൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ പുതിയ റിപ്പോർട്ട്. വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കോൺഗ്രസ്, ബി.ജെ.പി നേതാക്കൾക്കും നിരവധി വോട്ടർമാർക്കുമാണ് മർദനമേറ്റത്.
സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം അക്രമം വലിയ ചർച്ചയാവുകയും പൊലീസിനെതിരെ കടുത്ത വിമർശനവും ഉയർന്നതോടെ സംഭവത്തിൽ ഉത്തരമേഖല ഐ.ജി കെ. സേതുരാമൻ റിപ്പോർട്ട് തേടിയതായാണ് വിവരം.
വോട്ട്ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധം; നിക്ഷേപം പിൻവലിക്കുന്നു
കോഴിക്കോട്: ഭരണസമിതി തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തിലും ഭീഷണിപ്പെടുത്തി വോട്ടുചെയ്യാൻ അനുവദിക്കാതെ മടക്കി അയച്ചതിലും പ്രതിഷേധിച്ച് ബാങ്കിൽനിന്ന് നിക്ഷേപം പിൻവലിച്ച് നിരവധിപേർ. കഴിഞ്ഞദിവസം വോട്ട് ചെയ്യാനെത്തിയ പലരെയും സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തി ബാങ്കിന്റെ മെംബർ കാർഡ് അടക്കമുള്ളവ വലിച്ചുകീറുകയും മറ്റും ചെയ്തിരുന്നു.
മാത്രമല്ല പലരോടും തിങ്കളാഴ്ച ബാങ്കിലെത്തി വോട്ടുചെയ്യാനാണ് പരിഹാസ സ്വരത്തിൽ പറഞ്ഞത്. വോട്ട് ചെയ്യണമെന്ന് നിർബന്ധം പിടിച്ച വീട്ടമ്മമാർ അടക്കമുള്ളവരോട് അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിലെല്ലാം പ്രതിഷേധിച്ചാണ് പലരും തങ്ങളുടെ നിക്ഷേപ തുക പിൻവലിക്കാൻ തുടങ്ങിയത്.
ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുക്കുന്ന സഹകരണ ബാങ്കുകളോട് സഹകരിക്കില്ലെന്ന് ചോവായൂരിലെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസ്താവനയിറക്കിയിരുന്നു. ഇതോടെയാണ് നിക്ഷേപകരിൽ വലിയൊരുവിഭാഗം കൂട്ടത്തോടെ പണം പിന്വലിക്കാൻ തുടങ്ങിയത്.
ഹെഡ് ഓഫിസിൽനിന്നും പാറോപ്പടി ശാഖയിൽനിന്നും തിങ്കളാഴ്ച ലക്ഷക്കണക്കിന് രൂപയാണ് പിൻവലിക്കാൻ ഇടപാടുകാരെത്തിയത്. ചിലരോട് അടുത്ത ദിവസം വരാൻ പറഞ്ഞ് തിരിച്ചയച്ചതായും സൂചനയുണ്ട്. വരും ദിവസം കൂടുതൽ പേർ പണം പിൻവലിക്കാനെത്തുമെന്നാണ് വിവരം. അതേസമയം നിരവധിപേരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി ഡി.സി.സി ഹൈകോടതിയില് ഹരജി നൽകുന്ന നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.