കോഴിക്കോട് നഗരത്തിൽ അക്രമകാരികളായ മോഷണസംഘം; അതിജാഗ്രത പാലിക്കണമെന്ന് പൊലീസ്
text_fieldsകോഴിക്കോട്: തമിഴ്നാട്ടില്‍നിന്നുള്ള അക്രമകാരികളായ കുറുവ മോഷണസംഘം നഗരത്തിൽ എത്തിയത് സ്ഥിരീകരിച്ച് സിറ്റി പൊലീസ്. എലത്തൂർ സ്റ്റേഷനിൽ രജിസ്റ്റർ െചയ്ത രണ്ട് കവർച്ചക്കേസുകളിൽ ഇവരുടെ സാന്നിധ്യമുണ്ടെന്നും കഴിഞ്ഞദിവസം പാലക്കാട്ട് നെന്മാറയിൽ അറസ്റ്റിലായ കുറുവസംഘത്തെ ഇവിടത്തെ കേസിൽ പ്രതിചേർത്തതായും സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജ് പറഞ്ഞു. മൂന്നുപേരാണ് നെന്മാറയിൽ അറസ്റ്റിലായത്. ഇവരെ എലത്തൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കോഴിക്കോട്ടെത്തിയ കുറുവസംഘം അന്നശ്ശേരിയിലെ ഒരുവീട്ടിൽ താമസിച്ചാണ് മോഷണം ആസൂത്രണം ചെയ്തത്.
അക്രമകാരികളാണ് കുറുവസംഘമെങ്കിലും അക്രമം നടത്തി കവര്‍ച്ച നടത്തിയത് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാൽ, എലത്തൂര്‍ സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത ഒരു കേസിൽ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. നഗരത്തിൽ അടുത്തിടെയുണ്ടായ മറ്റു കവർച്ചക്കേസുകളിലും ഇവരുെട സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മോഷണം െതാഴിലാക്കിയവരാണ് കുറുവ സംഘം. രാത്രി വീട് ആക്രമിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. വാതില്‍ അടിച്ചുതകര്‍ത്ത് വീടുകളില്‍ കയറുന്ന സംഘം വീട്ടുകാരെ ക്രൂരമായി ആക്രമിക്കാനും മടിക്കാറില്ല. അതിനാൽ ജനങ്ങള്‍ അതിജാഗ്രത പാലിക്കണം. വീട് കുത്തിത്തുറക്കാനും മറ്റും ഉപയോഗിക്കുന്ന കോടാലി, തൂമ്പ പോലുള്ളവ വീടിന് പുറത്തുവെക്കരുത്. അസമയത്ത് എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അടുത്ത പൊലീസ് സ്റ്റേഷനിലോ മറ്റ് ആളുകളെയോ വിളിച്ചറിയിച്ച് ലൈറ്റിട്ടശേഷം മാത്രമേ പുറത്തിറങ്ങാവൂ.
കുറുവ സംഘത്തിെൻറ സാന്നിധ്യം ശ്രദ്ധയില്‍പെട്ടതോടെ രാത്രികാല പരിശോധന പൊലീസ് ശക്തമാക്കിയിട്ടുണ്ട്. 40 വാഹനങ്ങളാണ് രാത്രി പേട്രാളിങ് നടത്തുന്നത്. സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോയെടുത്ത് പരിശോധിക്കാനും അനാവശ്യമായി രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംശയിക്കുന്നവരുടെ ഫോട്ടോകൾ ഡി.സി.ആർ.ബിയിലേക്കയച്ച് കേസുകളിൽ പ്രതിയാണോ എന്ന് പരിശോധിക്കും. അടിയന്തരഘട്ടങ്ങളില്‍ ആളുകൾക്ക് 0495 2721697 എന്ന ഫോൺ നമ്പറില്‍ പൊലീസിനെ ബന്ധപ്പെടാമെന്നും സിറ്റി പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.