വിപണിയിൽ വിഷു-പെരുന്നാൾ ആഘോഷം
text_fieldsകോഴിക്കോട്: വേനൽ ചൂടിലും വാടാതെ വിഷു-പെരുന്നാൾ വിപണി. ചുട്ടുപൊള്ളുന്ന പകലാണെങ്കിലും വിപണിയിൽ തിരക്കിന് കുറവില്ല. ഈസ്റ്ററും വിഷുവും പെരുന്നാളും ഒന്നിച്ചുവന്നത് കച്ചവടത്തിൽ നല്ല ഉണർവുണ്ടാക്കിയതായി വ്യാപാരികൾ പറയുന്നു. രാവിലെ ഒമ്പതരയോടെ സജീവമാകുന്ന കോഴിക്കോട് മിഠായിത്തെരുവിൽ രാത്രി 12 മണിവരെ തിരക്കാണ്. നഗരത്തിലെ മാളുകളിലും മറ്റു വ്യാപാരത്തെരുവുകളിലും രാവേറെ വൈകിയും ആളുകളെത്തുന്നു.
തെരുവു കച്ചവടവും തകൃതി. പതിവുപോലെ വസ്ത്രവിപണിയിലാണ് തരംഗം. ന്യൂജെൻ കടകളിലാണ് രാപകൽ ‘ആഘോഷം’. പെൺകുട്ടികൾക്ക് ജീൻസും ക്രോപ് ടോപ്പുമാണ് ഇത്തവണയും ട്രെൻഡ്. ടോപ്പിലും ജീൻസിലും വ്യത്യസ്തതകളുണ്ടെങ്കിലും ചെറിയ ബജറ്റിൽ എല്ലാം ലഭ്യമാണ്.
ആൺകുട്ടികൾക്ക് പ്രത്യേകിച്ച് ട്രെൻഡ് ഒന്നുമില്ല. പതിവുപോലെ ജീൻസും ഷർട്ടും ടീഷർട്ടും തന്നെയാണ് ഇത്തവണയും. വിഷുവിന് മുണ്ടുടുക്കൽ യുവാക്കൾക്കിടയിൽ ഹരമായിട്ടുണ്ട്. മുണ്ട് വിപണിയിൽ വിഷുവിന് പ്രത്യേക ഉണർവുണ്ട്.
രാത്രിയാവുന്നതോടെ പെരുന്നാൾക്കച്ചവടത്തിന്റെ തിരക്കാണ്. നോമ്പുതുറന്ന ശേഷം കുടുംബസമേതം ആളുകൾ നഗരത്തിലേക്കിറങ്ങുകയാണ്. കൊയൻകോ ബസാറിലും കോർട്ട് റോഡിലും അലങ്കരിച്ചിട്ടുണ്ട്. രാത്രി ഒമ്പതുമുതൽ രാവിലെ പത്തുവരെ മിഠായിത്തെരുവിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ട്.
തെരുവിന് സുരക്ഷയുമായി പൊലീസും കച്ചവടക്കാരും കൈകോർത്ത് സേവനത്തിലുണ്ട്. ശനിയാഴ്ചയാണ് വിഷു. ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് ഇരട്ടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോംട്രസ്റ്റ് വളപ്പിൽ വിഷു- റമദാൻ-ഈസ്റ്റർ കൈത്തറി എക്സ്പോ നടക്കുന്നുണ്ട്. ഇവിടെ 20 ശതമാനം ഗവ. റിബേറ്റുണ്ട്. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ് എക്സ്പോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.