കനിവൂറും കഞ്ഞിയുമായി സന്നദ്ധപ്രവർത്തകൻ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഒരുനേരത്തെ കഞ്ഞി വിളമ്പുകയാണ് പെരിങ്ങളം സ്വദേശി മൂസക്കോയ ഹാജി. കഴിഞ്ഞ കോവിഡ് കാലത്ത് രാജ്യം ലോക് ഡൗണിലേക്ക് നീങ്ങിയപ്പോൾ 2020 മാർച്ച് 23 മുതലാണ് മെഡിക്കൽ കോളജ് പരിസരത്ത് കഞ്ഞിവിതരണം ആരംഭിച്ചത്. അന്ന് ആശുപത്രി പരിസരത്തെ കടകളെല്ലാം അടക്കുകയും ഭക്ഷണം നൽകുന്ന സന്നദ്ധ സംഘടനകൾപോലും കോവിഡ് കാലത്ത് പ്രവർത്തനം ഇല്ലാത്ത അവസ്ഥയിലെത്തുകയും ചെയ്തതോടെ ആശുപത്രിയിൽ ചികിത്സതേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കിട്ടാൻ മറ്റു മാർഗങ്ങൾ ഇല്ലാതായി.
ഇതോടെയാണ് കഞ്ഞി വിതരണം എന്ന ആശയം ഉദിച്ചത്. ഇദ്ദേഹത്തിെൻറ ആശയത്തിന് പിന്തുണയർപ്പിച്ച് കുറെ സുഹൃത്തുക്കളും അന്ന് കൂടെ കൂടിയിരുന്നു. സുഹൃത്തുക്കളിൽനിന്ന് പിരിച്ച പണവുമായി സമീപത്തെ വീട്ടുകാരുടെ സഹായത്തോടെ കഞ്ഞി വെക്കുകയും അത് ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപത്ത് എത്തിച്ച് വിതരണം ചെയ്യുകയും ചെയ്തു. അന്ന് തുടങ്ങിയ കഞ്ഞിവിതരണം നിലവിൽ കൂട്ടുകാരെല്ലാം പിൻവാങ്ങിയെങ്കിലും മൂസക്ക തുടരുകയാണ്.
രാവിലെ എട്ടു മുതലാണ് കഞ്ഞിവിതരണം ആരംഭിക്കുക. ഒമ്പതു മണി ആകുമ്പോഴേക്കും കഞ്ഞി വിതരണം പൂർത്തിയാകും. ദിവസവും ശരാശരി 300 ലധികം പേർക്ക് കഞ്ഞി വിതരണം ചെയ്യുന്നുണ്ടെന്ന് മൂസക്കോയ ഹാജി പറഞ്ഞു. ഇതുവരെയും നിലനിൽക്കാനായത് നല്ലവരായ നിരവധി മനുഷ്യരുടെ സഹായ മനഃസ്ഥിതികൊണ്ടാണ്. ധാരാളംപേർ പണമായും മറ്റ് സഹായങ്ങളായും എത്തിച്ചു നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസവും വലിയങ്ങാടിയിലെ ഒരു വ്യാപാരി 25 കിലോ അരി ആണ് കഞ്ഞിവിതരണത്തിലേക്കായി സംഭാവന നൽകിയത്. ഇങ്ങനെ സമൂഹത്തിലെ പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത നിരവധി നല്ല മനുഷ്യരുടെ പ്രയത്ന ഫലം കൂടിയാണ് മുടക്കമില്ലാത്ത കഞ്ഞിവിതരണത്തിന് പിറകിലെന്ന് മൂസക്കോയ ഹാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.