എടച്ചേരിയിൽ സി.പി.എം ശക്തികേന്ദ്രങ്ങളിലെ വോട്ടുചോർച്ച പാർട്ടിയെ തിരിഞ്ഞുകുത്തുന്നു
text_fieldsനാദാപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എടച്ചേരി സി.പി.എം ശക്തി കേന്ദ്രങ്ങളിലുണ്ടായ വലതു കടന്നുകയറ്റം പാർട്ടിയെ ഉലക്കുന്നു. സി.പി.എമ്മിൽ നിന്ന് ലീഗും കോൺഗ്രസും രണ്ട് സീറ്റുകൾ വീതമാണ് പിടിച്ചെടുത്തത്.
എടച്ചേരി ടൗൺ 13ാം വാർഡ് സി.പി.എമ്മിനെ കൈവിട്ടത് പാർട്ടിയിൽ വൻ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഇവിടെ കോൺഗ്രസിലെ മോട്ടി 229 വോട്ടുകൾക്കാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ടി.പി. സുധാകരനെ പരാജയപ്പെടുത്തിയത്. മോട്ടി 691 വോട്ടും സുധാകരൻ 478 വോട്ടുമാണ് നേടിയത്.
കഴിഞ്ഞ തവണ സി.പി.എമ്മിെൻറ സീറ്റായ കളിയാംവെള്ളി 14ാം വാർഡ് മോട്ടി പിടിച്ചെടുത്തിരുന്നു. ഈ വാർഡ് നാല് വോട്ടുകൾക്കാണ് കോൺഗ്രസിന് ഇത്തവണ നഷ്ടമായത്. ആലിശ്ശേരി 10, 13 വാർഡ് കോൺഗ്രസും 4, 11, 12, 16 ലീഗുമാണ് വിജയിച്ചത്. ലീഗിന് ഒരു സീറ്റു മാത്രമാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നത്.
ഇത്തവണ നാല് സീറ്റുകളായി വർധിച്ചു. പാർട്ടി കേന്ദ്രങ്ങളിലെ വോട്ട് ചോർച്ചക്കൊപ്പം ഗ്രാമ പഞ്ചായത്ത് ഭരണം കൈവിടുന്ന അവസ്ഥയിലേക്ക് സി.പി.എം ശക്തി കേന്ദ്രം മാറിയത് നേരേത്ത നിലനിൽക്കുന്ന വിഭാഗീയതയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വരുംദിവസങ്ങളിൽ വോട്ടുചോർച്ച ആഴത്തിൽ പരിശോധിക്കുമെന്ന് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി. പരേതരായ മുൻ എം.എൽ.എ എ. കണാരൻ, ഇ.വി. കുമാരൻ, ഇ.വി. കൃഷ്ണൻ ഉൾപ്പെടെയുള്ള തലമുതിർന്ന നേതാക്കളുടെ നാട്ടിലെ വോട്ടുചോർച്ച പാർട്ടി ജില്ല, ഏരിയ നേതൃത്വത്തെ അടക്കം ഞെട്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.