കോഴിക്കോട് ജില്ലയിൽ 25,25,712 വോട്ടര്‍മാര്‍; അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsകോഴിക്കോട്: പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 25,25,712 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. 13,02,649 സ്ത്രീ വോട്ടര്‍മാരും 12,23,014 പുരുഷ വോട്ടര്‍മാരും 49 ഭിന്നലിംഗ വോട്ടര്‍മാരും 34,695 പ്രവാസി വോട്ടര്‍മാരും ലിസ്റ്റിലുണ്ട്.
2023 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2022 സെപ്റ്റംബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 25,19,755 ആയിരുന്നു. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച 2022 സെപ്റ്റംബർ11 മുതല്‍ 2022 ഡിസംബർ 18 വരെയുള്ള സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ കാലയളവില്‍ നടന്ന വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ മരണപ്പെട്ടതും താമസം മാറിയതുമുള്പ്പെടെ 16,322 വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗളിന്റെ നിര്‍ദേശപ്രകാരം ജില്ലകള്‍തോറും വോട്ടര്‍പട്ടിക പുതുക്കലിനായി തീവ്രയജ്ഞമാണ് നടന്നത്. കൂടുതല്‍ വോട്ടര്‍മാര്‍ പട്ടികയില്‍നിന്ന് നീക്കപ്പെട്ടത് വോട്ടര്‍പട്ടിക ശുദ്ധീകരിച്ചുവെന്നതിന് തെളിവാണെന്ന് സഞ്ജയ് കൗള്‍ പറഞ്ഞു. പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ കാലയളവില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ നിരന്തരം വീടുകള്‍ സന്ദര്‍ശിച്ചാണ് ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ചത്.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) അന്തിമ വോട്ടര്‍പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകൾക്ക് താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവല്‍ ഓഫിസറുടെ കൈവശവും അന്തിമ വോട്ടര്‍പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫിസുകളില്‍നിന്ന് വോട്ടര്‍പട്ടിക കൈപ്പറ്റി സൂക്ഷ്മപരിശോധന നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.