മാലിന്യക്കൊട്ടകൾ ഇരിപ്പിടങ്ങളായി ; മിഠായിത്തെരുവിൽ മാലിന്യം നിക്ഷേപിക്കാൻ ഇടമില്ല
text_fieldsകോഴിക്കോട്: കോഴിക്കോടിെൻറ വ്യാപാരകേന്ദ്രമായ മിഠായിത്തെരുവിൽ മാലിന്യം നിക്ഷേപിക്കാൻ സൗകര്യമില്ല. ദിവസേന നൂറുകണക്കിന് ആളുകൾ വന്നും പോയുമിരിക്കുന്ന നഗരഹൃദയത്തിലാണ് മിഠായിക്കടലാസുപോലും കളയാൻ സൗകര്യമില്ലാത്തത്. ബേക്കറികളും ഫ്രൂട്സ് സ്റ്റാളുകളും ചായക്കടകളും ഫാൻസികളും ഉൾപ്പെടെ മുന്നൂറോളം കടകളാണ് മിഠായിത്തെരുവിലുള്ളത്.
2017 ഡിസംബറിലാണ് നവീകരിച്ച മിഠായിത്തെരുവ് തുറന്നുെകാടുത്തത്. 26 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. സൗന്ദര്യവത്കരണം എന്നപേരിൽ മേലാപ്പും ലൈറ്റുകളും ഘടിപ്പിക്കുകയും പ്രവേശനകവാടത്തിൽ എസ്.കെ സ്ക്വയറിൽ ഇരിപ്പിടങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. ഇരിപ്പിടങ്ങൾക്ക് സമീപം പൈതൃകത്തെരുവിെൻറ സൗന്ദര്യത്തിനൊത്തനിലയിൽ മാലിന്യം നിക്ഷേപിക്കാൻ ആറു പച്ചഭരണികളും ഒരുക്കി. തെരുവ് തുറന്ന ഉടൻ കുറച്ചുകാലം മാലിന്യക്കൊട്ടയിൽ മാലിന്യം നിക്ഷേപിക്കലും മറ്റും നടന്നു. എന്നാൽ, ഇപ്പോൾ ആ ഭരണികൾ തിരഞ്ഞാൽ കാണില്ല. അത് കമിഴ്ത്തിയിട്ട് ഇരിപ്പിടമായി ഉപയോഗിക്കുകയാണ്. വെയിലത്തായിരുന്ന ഭരണികൾ മരത്തണലിലേക്ക് മാറ്റിയിട്ടുണ്ട്.
മഴക്കാലത്ത് ഇതിൽ വെള്ളം നിറഞ്ഞ് കൊതുക് പരന്നതോടെയാണ് ഇവ കമിഴ്ത്തിയതെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. നിലവിൽ മാലിന്യം ഓരോരുത്തരും അവരവർക്ക് തോന്നുന്ന ഇടങ്ങളിൽ നിക്ഷേപിച്ച് മടങ്ങുകയാണ്. കോർപറേഷൻ ശുചീകരണത്തൊഴിലാളികൾ ദിവസവും അടിച്ചുവാരാനെത്തുന്നതിനാൽ വ്യാപാരികളും ഇത് കാര്യമാക്കുന്നില്ല.
നവീകരിച്ച തെരുവിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സഞ്ചരിക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഗ്ഗികളും ഒരുക്കിയിരുന്നു. അതിെൻറ അവസ്ഥയും ഇതുപോലെ ദുരന്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.